Deshabhimani

കളർകോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി കൂടി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 05:28 PM | 0 min read

ആലപ്പുഴ > കളർകോട് അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ജോർജ്(20) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴം വൈകിട്ടോടെയായിരുന്നു അന്ത്യം. എടത്വ പള്ളിച്ചിറ കൊച്ചുമോൻ ജോർജ്‌–- ലീന ദമ്പതികളുടെ മൂത്ത മകനാണ്‌ ആൽവിൻ. സഹോദരൻ കെൽവിൻ ജോർജ്‌. ഇതോടെ കളർകോട്‌ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

അപകടത്തിൽ തലച്ചോറ്‌, ശ്വാസകോശം, വൃക്ക, പ്ലീഹ, ഇടതുതുടയെല്ല്‌, മുട്ട്‌ എന്നിവയ്‌ക്ക്‌ ഗുരുതരമായി ക്ഷതമേറ്റ ആൽവിൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ പോളിട്രോമാ കാറ്റഗറിയിൽ ചികിത്സയിലായിരുന്നു. മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം രൂപീകരിച്ച  ക്രിട്ടിക്കൽ കെയർ എക്‌സ്‌പേർട്ട്‌ ടീം ബുധൻ രാവിലെ ആൽവിനെ പരിശോധിച്ചു. പിന്നീട്‌  മാതാപിതാക്കളുടെ ആവശ്യപ്രകാരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. എട്ട് പേർക്ക് കയറാവുന്ന വാഹനത്തിൽ പതിനൊന്ന് പേർ കയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ്‌ വിദ്യാർഥികളായ മുഹമ്മദ്‌ അബ്‌ദുൾ ജബ്ബാർ, പി പി മുഹമ്മദ്‌ ഇബ്രാഹിം, ശ്രീദീപ്‌ വത്സൻ, ബി ദേവനന്ദൻ, ആയുഷ്‌ ഷാജി എന്നിവർ അപകടത്തിൽ നേരത്തെ മരിച്ചിരുന്നു.

അപകടത്തിൽ പരിക്കേറ്റ കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി. തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി.
 



deshabhimani section

Related News

0 comments
Sort by

Home