കേന്ദ്ര അവഗണന: ശക്തമായ പ്രക്ഷോഭങ്ങൾ ഇനിയും സംഘടിപ്പിക്കും- ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം> കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചനപരമായി പെരുമാറുന്ന പ്രശ്നം രാജ്യത്ത് സജീവമായി ഉയർന്നുവരികയാണെന്നും കേന്ദ്ര നയങ്ങൾക്കെതിരേയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ ഇനിയും സംഘടിപ്പിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.
നികുതി വിഹിതത്തിൽ നിന്നും അർഹതപ്പെട്ടത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല. നൽകുന്ന തുകയിലാവട്ടെ പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടത് നൽകുന്നുമില്ല. വയനാട് പ്രളയ ദുരന്തത്തിലും ഈ നയം നാം കണ്ടതാണ്. ദുരന്തബാധിതമായ മറ്റ് സംസ്ഥാനങ്ങൾക്ക് അടിയന്തിര സഹായം നൽകിയപ്പോൾ കേരളത്തോട് തികഞ്ഞ അവഗണന മാത്രമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത്. ഇത്തരം നയങ്ങൾ രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും തകർക്കുന്നതിന് പശ്ചാത്തലമൊരുക്കുന്നവയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തതുൾപ്പെടേയുള്ള വിവേചനങ്ങൾക്കെതിരെ സംസ്ഥാനത്ത് നടന്ന മാർച്ചിലും, ധർണ്ണയിലും പങ്കെടുത്ത എല്ലാവരേയും ടി പി രാമകൃഷ്ണൻ അഭിവാദ്യം ചെയ്തു.
0 comments