ഫോട്ടോ ​​ദുരുപയോ​ഗം ചെയ്തു; മനോരമക്കെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 10:46 AM | 0 min read

കൊച്ചി> മറ്റൊരാളെ അറസ്റ്റ് ചെയ്ത വാർത്തയ്ക്ക് തന്റെ പടം ദുരുപയോ​​ഗം ചെയ്ത മനോരമക്കെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി. നടൻ കൂടിയായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ വാർത്തക്കാണ് മനോരമ മണികണ്ഠന്റെ ഫോട്ടോ ഉപയോ​ഗിച്ചിരിക്കുന്നത്. മനോരമക്ക് തന്റെ ഫോട്ടോ കണ്ടാൽ തിരിച്ചറിയില്ലേ എന്നാണ് മണികണ്ഠൻ ചോ​ദിക്കുന്നത്.

മലയാള മനോരമയുടെ മലപ്പുറം എഡിഷനിലെ വാർത്തയിലായിരുന്നു ഇത്. അനധികൃത സ്വത്ത് സമ്പാദനക്കേസ്; നടൻ മണികണ്ഠനു സസ്‌പെൻഷൻ എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. നടൻ കൂടിയായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കെ മണികണ്ഠന് സസ്‌പെൻഷൻ എന്ന് വാർത്തയിൽ പറയുന്നു. ഈ വാർത്തയ്ക്കാണ് മണികണ്ഠൻ ആചാരിയുടെ പടം തെറ്റായി വെച്ചത്.

ഇതിനെതിരെ വീഡിയോ സന്ദേശവുമായി ഇൻസ്റ്റഗ്രാമിൽ മണികണ്ഠൻ ആചാരി എത്തുകയായിരുന്നു. മനോരമക്ക് എന്റെ പടം കണ്ടാൽ അറിയില്ലേ. മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു എന്ന് വീഡിയോയിൽ മണികണ്ഠൻ പറഞ്ഞു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.

നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാൾ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല.

നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തിൽ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കൽ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മണികണ്ഠൻ ആചാരി വീഡിയോയിൽ പറഞ്ഞു.

വീഡിയോ കാണാം: 



deshabhimani section

Related News

View More
0 comments
Sort by

Home