ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവര്‍ത്തനവും സേവന അഭിരുചിയും വിലയിരുത്തും: മന്ത്രി വീണാ ജോര്‍ജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 07:38 PM | 0 min read

തിരുവനന്തപുരം > ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ശിശുക്ഷേമ സമിതി സന്ദര്‍ശിച്ചു. ആയ ഉപദ്രവമേല്‍പ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തി. ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ ആയമാരുടേയും പ്രവര്‍ത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.

പല ഘട്ടങ്ങളില്‍ ജോലിക്ക് കയറിയവരാണിവര്‍. സൈക്കോ സോഷ്യല്‍ അനാലിസിസ് നടത്തിയായിരിക്കും അവരെ നിലനിര്‍ത്തുക. മറ്റ് ചില തസ്തികകളെ പോലെ പോലീസ് വെരിഫിക്കേഷനും നടത്തും. കേവലം ഒരു ജോലിയല്ലിതെന്നും മാതൃമനസോടെ കുഞ്ഞുങ്ങളെ നോക്കാന്‍ കഴിയുന്നവര്‍ക്കായിരിക്കും മുന്‍ഗണനയെന്നും വീണാ ജോർജ് പറഞ്ഞു. പുതിയ നിയമനങ്ങളെല്ലാം ഈ തരത്തിലായിരിക്കും നടത്തുകയെന്നും അറിയിച്ചു.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം ഗൗരവത്തോടെയാണ് കാണുന്നത്. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ച് വരികയാണ്. അതിക്രമം ഒരു കാരണവശാലും അംഗീകരിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി മന്ത്രിയോടൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home