'വസന്തോത്സവം 2024': ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്നില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 07:11 PM | 0 min read

തിരുവനന്തപുരം > പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പ മേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു.

'വസന്തോത്സവം -2024' ന്‍റെ നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു. എംപിമാരായ ഡോ. ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹീം എന്നിവരും ജില്ലയിലെ എംഎല്‍എമാരും മേളയുടെ രക്ഷാധികാരികളായിരിക്കും.

മേയര്‍ ആര്യാ രാജേന്ദ്രന്‍ വര്‍ക്കിംഗ് ചെയര്‍മാനും ടൂറിസം വകുപ്പ് സെക്രട്ടറി ബിജു കെ ജനറല്‍ കണ്‍വീനറുമാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവരാണ് സമിതിയുടെ കണ്‍വീനര്‍മാര്‍.

വന്‍കിട നഗരങ്ങളില്‍ സംഘടിപ്പിക്കുന്നതിന് സമാനമായ വൈവിധ്യപൂര്‍ണവും വര്‍ണ്ണാഭവുമായ ദീപാലങ്കാരമാണ് ടൂറിസം വകുപ്പ് ഇക്കുറിയും ഒരുക്കുന്നത്. അണിഞ്ഞൊരുങ്ങിയ കനകക്കുന്നിന്‍റെ വീഥിയിലൂടെ വര്‍ണവിളക്കുകളുടെ മനോഹാരിതയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ക്രിസ്മസും പുതുവര്‍ഷവും ആസ്വദിക്കുന്നതിന് മേള വേദിയാകും.

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം വകുപ്പ് നടത്തിവന്നിരുന്ന ഓണം വാരാഘോഷം ഇക്കുറി ഒഴിവാക്കിയിരുന്നു. അതിനാല്‍ തന്നെ 'വസന്തോത്സവം-2024' തലസ്ഥാനത്ത് വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇത് തലസ്ഥാനവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഉത്സവാന്തരീക്ഷം സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ ട്രെന്‍ഡിംഗ് ആയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ തിരുവനന്തപുരം ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു. അനേകം ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങളാണ് ഈ വര്‍ഷം തലസ്ഥാനത്തെ തേടിയെത്തിയത്. ടൂറിസം വകുപ്പ് നഗരസഭയുമായി ചേര്‍ന്ന് നിരവധി പദ്ധതികളാണ് സൗന്ദര്യവത്കരണത്തിനായി നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

മാനവീയം വീഥി, കനകക്കുന്ന്, ഇഎംഎസ് പാലം, ബേക്കറി ഫ്ളൈ ഓവര്‍ എന്നിവ ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള 22 കെട്ടിടങ്ങളുടെ ദീപാലങ്കാരമടക്കം കോടികളുടെ പദ്ധതികളാണ് ഇതുവരെ നടപ്പാക്കിയത്. തലസ്ഥാനത്തെ ഉത്സവച്ചാര്‍ത്ത് അണിയിക്കുന്ന 2022-ല്‍ മുതല്‍ ആരംഭിച്ച പുതുവര്‍ഷ ദീപാലങ്കാരം കാണുന്നതിനുള്ള അവസരം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മേളയോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത സംഘടനകള്‍, നഴ്സറികള്‍ എന്നിവയുടെ പുഷ്പാലങ്കാര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. (9400055397, [email protected]). കൂടാതെ അമ്യൂസ്മെന്‍റ് ട്രേഡ് ഫെയര്‍, ഭക്ഷ്യമേള, സ്റ്റീംഡ് ഫുഡ് ഔട്ട്ലെറ്റ് എന്നിവയ്ക്കും ഡിടിപിസി ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home