ഇഡി നീക്കം പൊളിഞ്ഞു ; കരുവന്നൂർ കേസിൽ ഹൈക്കോടതിക്കും സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 01:18 AM | 0 min read

സ്വന്തം ലേഖകൻ
കൊച്ചി
കരുവന്നൂർ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇ ഡി  പ്രതികളാക്കിയ പി ആർ അരവിന്ദാക്ഷൻ,  സി കെ  ജിൽസ് എന്നിവർ കുറ്റം ചെയ്‌തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങളുണ്ടെന്ന് ഹൈക്കോടതി.  15 മാസമായി ജയിലിൽ കഴിയുന്ന ഇരുവർക്കും സോപാധിക ജാമ്യം അനുവദിച്ചു. ഇതോടെ ലോക്കൽ കമ്മിറ്റി അംഗമായ പി ആർ അരവിന്ദാക്ഷനെ പ്രതിയാക്കി കരുവന്നുർ ബാങ്കിലെ  ക്രമക്കേടിൽ സിപിഐ എമ്മിനെ വേട്ടയാടാനുള്ള ഇഡിയുടെ നീക്കം പൊളിഞ്ഞു.  ഇഡിയുടെ ആരോപണങ്ങൾക്ക് ഇരുവരും നൽകിയ വിശദീകരണങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ്‌ സി എസ്‌ ഡയസ്‌ ഇഡിയെ വിമർശിച്ചത്‌. കുറ്റം ചെയ്‌തിട്ടില്ലെന്നു കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടായാൽ മാത്രമേ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിക്കൂ.     

മുഖ്യകേസിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഉടൻ പൂർത്തിയാകാനോ വിചാരണ തുടങ്ങാനോ സാധ്യതയില്ലെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ, വിചാരണ തീരുംവരെ പ്രതികളെ തടവിലിടുന്നത്‌ ന്യായമല്ല. ഇത്  ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്‌.  ഇരുവരും ഒന്നും മൂന്നും ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്‌–-  കോടതി പറഞ്ഞു.   

അരവിന്ദാക്ഷൻ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും ജിൽസ്  ബാങ്കിലെ മുൻ അക്കൗണ്ടന്റുമാണ്. ബാങ്കിൽനിന്ന്‌ പണം സ്വീകരിച്ചിട്ടില്ലെന്നും വരുമാനം തെളിയിക്കാൻ ഇഡിക്ക്‌ മതിയായ രേഖകൾ സമർപ്പിച്ചെന്നും അരവിന്ദാക്ഷൻ വിശദീകരിച്ചു. തന്നെ രാഷ്‌ട്രീയപ്രേരിതമായാണ്‌ പ്രതിചേർത്തത്‌. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചു. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ താൻ പ്രതിയല്ല. അമ്മയുടെ അക്കൗണ്ടിലേക്ക് 63.5 ലക്ഷം രൂപ വന്നതായി ആദ്യഘട്ടത്തിൽ ഇഡി ആരോപിച്ചിരുന്നു. പിന്നീട് ഇഡി തയ്യാറാക്കിയ പരാതിയിൽ പരാമർശം ഒഴിവാക്കി–- അരവിന്ദാക്ഷൻ ബോധിപ്പിച്ചു.

കുടുംബാംഗങ്ങളുടെ വസ്‌തു ഈടുവച്ച്‌ ബിനാമി പേരുകളിൽ വായ്‌പ എടുത്തെന്ന ആരോപണം വസ്‌തുതാവിരുദ്ധമാണെന്ന് ജിൽസ്‌ വിശദീകരിച്ചു. മറ്റു ഏഴുപേരുടെ പേരിലും വൻ തുകയ്‌ക്ക് വായ്‌പ തരപ്പെടുത്തിയെന്നായിരുന്നു ഇഡിയുടെ ആരോപണം. എന്നാൽ, വായ്‌പയെടുത്ത വ്യക്തികളെല്ലാം ജീവിച്ചിരിക്കെ, ബിനാമി ആരോപണത്തിൽ കഴമ്പില്ലെന്നും ജിൽസ്‌ വിശദീകരിച്ചു.


ഇഡിയുടെ വാദങ്ങൾ തള്ളി 
ഹെെക്കോടതി
കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി  ബന്ധപ്പെട്ട്‌ സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള ഇഡിയുടെ ശ്രമത്തിന്‌ വീണ്ടും തിരിച്ചടി.  ഇഡി പ്രതിചേർത്ത സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം പി ആർ അരവിന്ദാക്ഷന്‌ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഇഡിയുടെ വാദങ്ങൾ തള്ളുന്നതാണ്. പി ആർ അരവിന്ദാക്ഷനെ പ്രതിയാക്കാൻ  ഇഡിയുടെ പക്കൽ തെളിവില്ലെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കരുവന്നൂർ ബാങ്കിൽ ക്രമക്കേട്‌ വെളിപ്പെട്ടയുടൻ സംസ്ഥാന സർക്കാർ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. കേസിൽ സിപിഐ എമ്മിനെ വേട്ടയാടാനാണ്‌ കേന്ദ്ര സർക്കാരിന്റെ ഇംഗിതമനുസരിച്ച്‌ ഇഡി രംഗത്തിറങ്ങിയത്‌. സിപിഐ എം നേതാക്കളെ അന്വേഷണമെന്ന പേരിൽ അധിക്ഷേപിച്ചു. എ സി മൊയ്‌തീൻ എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തി. ഒന്നും കണ്ടെത്താനായില്ല.  ഇതിന്റെ ഭാഗമായാണ്‌ വടക്കാഞ്ചേരി നഗരസഭാ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായ പി ആർ അരവിന്ദാക്ഷനെ പ്രതിയാക്കി അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞവർഷം സെപ്‌തംബർ 23ന്‌ അറസ്‌റ്റ്‌ ചെയ്‌ത അദ്ദേഹത്തെ ഇക്കാലമത്രയും ജയിലിലിടുകയായിരുന്നു. ഇതിനിടയിൽ സിപിഐ എം ജില്ലാ സെക്രട്ടറിക്കെതിരെയും ഇഡിയുടെ നീക്കമുണ്ടായി. പൊറത്തിശേരി നോർത്ത്‌ ലോക്കൽ കമ്മിറ്റിക്ക്‌ ഓഫീസ്‌ കെട്ടിടം നിർമിക്കാനായി  വാങ്ങിയ ഭൂമിയുടെ പേരിലായിരുന്നു ഇത്‌. കരുവന്നൂർ ബാങ്കിൽ ക്രമക്കേട്‌ നടത്തിയാണ്‌ ഭൂമി വാങ്ങിയതെന്ന്‌ തെളിയിക്കാനുള്ള രേഖകൾ ഒന്നുമില്ലാഞ്ഞിട്ടും ഇഡി കള്ളം പ്രചരിപ്പിച്ചു.

ജില്ലയിലെ എല്ലാ ലോക്കൽ കമ്മിറ്റി ഓഫീസുകളുടെയും ഭൂമി ജില്ലാ കമ്മിറ്റിയുടെ പേരിലാണ്‌ രജിസ്‌റ്റർ ചെയ്യാറ്‌. ഇതിന്റെ  പേരിലാണ്‌ ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാൻ ശ്രമിച്ചത്‌. ഭൂമി വാങ്ങിയതിൽ അസാധാരണമായയൊന്നും ഇഡിക്ക് കണ്ടെത്താനായില്ല.  സിപിഐ എമ്മിന്റെ എട്ട്‌ ബാങ്ക്‌ അക്കൗണ്ടുകൾ കണ്ടുകെട്ടി ബാങ്ക്‌ ക്രമക്കേടുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും പൊളിഞ്ഞു. സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന്‌ വ്യക്തമായപ്പോൾ കേസ്‌ നീട്ടിക്കൊണ്ടുപോകാനാണ്‌ നീക്കം. ബാങ്കിൽനിന്ന്‌ പിടിച്ചെടുത്ത  കേസിൽ  ഉൾപ്പെടാത്തവരുടെ  ആധാരമുൾപ്പെടെയുള്ള രേഖകൾ മടക്കി നൽകുന്നുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home