മലയാള സിനിമ ബഹുദൂരം മുന്നിൽ: സയിദ് മിർസ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 08:45 PM | 0 min read

കൊല്ലം > മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളെ അപേക്ഷിച്ച്  മലയാള സിനിമ പ്രമേയ വൈവിധ്യത്തിലും സാങ്കേതികത്തികവിലും ബഹുദൂരം മുന്നിലാണെന്ന് സംവിധായകനും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്സ് ചെയർമാനുമായ സയിദ് മിർസ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മിതബുദ്ധി സിനിമ ഉൾപ്പടെയുള്ള മേഖലകളിൽ വ്യാപകമാകുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്നും ഈ സാങ്കേതികത ആത്യന്തികമായി മനുഷ്യനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കൊല്ലം സാംസ്കാരിക സമുച്ചയത്തിലെ ജോൺ എബ്രഹാം തിയേറ്ററിൽ നടന്ന ചടങ്ങിൽ എം മുകേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുഖ്യധാരാ സിനിമയുടെ ഭാഗമായാണ് നിലകൊള്ളുന്നതെങ്കിലും സമാന്തര സിനിമകളിൽ അഭിനയിക്കാൻ തനിക്ക് അതിയായ താൽപര്യമുണ്ടെന്ന് മുകേഷ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ഹെഡ് ഓഫ് സ്‌കൂൾ ഡോ ബിനോ ജോയ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തുടർന്ന്  'മലയാള സിനിമയുടെ മാറുന്ന മുഖങ്ങള്‍' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംവിധായകരായ ഡോ സിദ്ധാര്ത്ഥ  ശിവ, സഞ്ജു സുരേന്ദ്രൻ, നടി ജോളി ചിറയത്ത്, നടനും കെ ആര്‍ നാരായണന്‍ നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുമായ ജിജോയ് രാജഗോപാൽ എന്നിവർ പങ്കെടുത്തു. നടനും സംവിധായകനും നിരൂപകനുമായ കെ ബി വേണു മോഡറേറ്റര്‍ ആയിരുന്നു.

സംവാദത്തിനു ശേഷം ജോൺ എബ്രഹാം തിയേറ്ററിൽ ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെ അവതരിപ്പിക്കുന്ന നെരൂദ (2016), വിക്ടര്‍ ഹ്യൂഗോവിന്റെ പാവങ്ങള്‍ എന്ന വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ലെസ് മിസറബിള്സ് (2012) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഡിസംബർ രണ്ടിന് ഷേക്‌സ്പിയറുടെ മാക്ബത്തിനെ ആധാരമാക്കി അകിര കുറോസാവ സംവിധാനം ചെയ്ത ത്രോണ്‍ ഓഫ് ബ്ലഡ്, നോബല്‍ സമ്മാന ജേതാവ് എല്ഫ്രീ ദെ യെലിനെകിന്റെ നോവലിനെ ആസ്പദമാക്കി മൈക്കേല്‍ ഹനേക സംവിധാനം ചെയ്ത ദ പിയാനോ ടീച്ചര്‍ (2001), ഉംബെർട്ടോ എക്കോയുടെ നോവലിനെ ആധാരമാക്കി ഷോൺ ഷാക് അന്നോദ് സംവിധാനം ചെയ്ത ദ നെയിം ഓഫ് ദി റോസ് (1986), ചാള്സ് ഡിക്കൻസിന്റെ നോവലിനെ ആസ്പദമാക്കി റോമൻ പൊളാൻസ്കി സംവിധാനം ചെയ്ത ഒലിവർ ട്വിസ്റ്റ് (2005) എന്നീ സിനിമകൾ പ്രദർശിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home