ഹരിതസമൃദ്ധി കാമ്പയിന്‍; 1981.04 ഹെക്ടറിൽ ശീതകാല 
പച്ചക്കറികൃഷിയുമായി കുടുംബശ്രീ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:24 AM | 0 min read

തിരുവനന്തപുരം > "ഹരിതസമൃദ്ധി' ശീതകാല പച്ചക്കറികൃഷി കാമ്പയിനിൽ സംസ്ഥാന വ്യാപകമായി 1981.04 ഹെക്ടറിൽ കൃഷിയിറക്കി കുടുംബശ്രീ. ഒക്ടോബറിലാണ്‌ കാമ്പയിൻ ആരംഭിച്ചത്‌. പ്രാദേശികതലത്തിൽ ശീതകാല പച്ചക്കറികൃഷിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം കർഷകരുടെ വരുമാന വർധനവും പോഷകാഹാര ലഭ്യതയുമാണ്‌ ലക്ഷ്യമിടുന്നത്‌. ജനുവരി വരെയാണ് കാമ്പയിൻ. നിലവിൽ 14,977 വനിതാ കർഷകസംഘങ്ങളിലായി 68,474പേർ ഇതിൽ സജീവമാണ്‌.

എല്ലാ ജില്ലകളിലുമായി 6073 വാർഡിൽ കുടുംബശ്രീയുടെ ശീതകാല പച്ചക്കറികൃഷിയുണ്ട്‌. ക്യാരറ്റ്, മുള്ളങ്കി, കോളി ഫ്ളവർ, കാബേജ് തുടങ്ങിയ ശീതകാല വിളകൾക്കൊപ്പം വിവിധ വെള്ളരിവർഗങ്ങൾ, പയർ, വെണ്ട, തക്കാളി, വഴുതന, ചീര, മുളക്, തണ്ണിമത്തൻ എന്നിവയും കൃഷി ചെയ്യുന്നു.  

വിപണി ലഭ്യത ഉറപ്പുവരുത്തുന്നതിനായി കാർഷികോൽപന്നങ്ങൾ കുടുംബശ്രീയുടെ തന്നെ നാട്ടുചന്ത, അഗ്രി കിയോസ്‌കുകൾ, വിവിധ മേളകൾ എന്നിവയിലൂടെയാകും വിറ്റഴിക്കുക. ഉപഭോക്താക്കൾക്ക് നേരിട്ടും വിപണനം നടത്താം. കൃഷിഭവനുകൾ മുഖേനയാണ്‌ പച്ചക്കറി തൈകൾ ലഭ്യമാക്കുന്നത്‌. നടീൽ മുതൽ വിളവെടുപ്പുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ എല്ലാ പരിശീലനങ്ങളും കർഷകർക്ക് ലഭ്യമാക്കുന്നു. ഇതുവരെ 152 ബ്ലോക്കുകളിലായി 5631 പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ലഭിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home