വിവാദങ്ങൾക്ക് പിന്നാലെയില്ല; കണ്ടെത്താനും കരുതാനും സർക്കാർ

തിരുവനന്തപുരം > പ്രതിപക്ഷവും മാധ്യമങ്ങളും വിവാദങ്ങൾ കുത്തിപ്പൊക്കി രാഷ്‌ട്രീയ മുതലെടുപ്പിന് പായുമ്പോൾ അഴിമതിയും ക്രമക്കേടുകളും തടയാൻ കർശന നടപടിയുമായി സർക്കാർ. ഒടുവിൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ തട്ടിയെടുത്തത് കണ്ടെത്തുകയും കർശന നടപടിക്ക് തീരുമാനിക്കുകയും ചെയ്‌തതിലും കണ്ടത് സർക്കാരിന്റെ ജാഗ്രത. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലാണ് നടപടി സംബന്ധിച്ച് തീരുമാനമെടുത്തത്.
കുറ്റകൃത്യങ്ങൾ നടന്നാൽ എത്രയും പെട്ടെന്ന് നടപടിയെന്നതാണ് സർക്കാർ രീതി. കാണാതായ പെൺകുട്ടികളെ മറ്റ് സംസ്ഥാനങ്ങളിൽ പോയി പൊലീസ് കണ്ടെത്തിയതും കുറുവസംഘമടക്കം മോഷ്ടാക്കളെയും ക്രിമിനലുകളെയും ജയിലിലടച്ചതും മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നടപടിയെടുത്തതുമടക്കം നിരവധി ഉദാഹരണങ്ങളുണ്ട്.
എന്നാൽ യുഡിഎഫ് പത്രമടക്കം ആരോപിക്കുന്നത് മാധ്യമങ്ങൾ തന്നെ കുത്തിപ്പൊക്കിയ വിവാദങ്ങളെക്കുറിച്ചു മാത്രമാണ്. അവയിലും സർക്കാർ നടപടികളിൽ വിട്ടുവീഴ്‌ചയില്ല. സെക്രട്ടറിയറ്റിലെ വാട്സാപ്പ് ഗ്രൂപ്പ് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ചട്ടങ്ങൾ പാലിച്ച് തുടർ നടപടിക്ക് അന്വേഷണം നടക്കുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യവും കർശനവുമായ നിലപാടാണ് സർക്കാരും സിപിഐ എമ്മും സ്വീകരിച്ചത്.
സർക്കാരിന്റെ നടപടികൾക്ക് പൂർണ പിന്തുണ
തിരുവനന്തപുരം > അനർഹമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെഎസ്‌കെടിയു. പെൻഷൻ അർഹത അന്വേഷിച്ച ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചവർ എന്നിവർക്കെതിരെയും നിയമനടപടികൾ ഉറപ്പാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
Related News

0 comments