Deshabhimani

ബിജെപി കുഴൽപ്പണക്കടത്ത്‌ ; 90 ദിവസം 
സമയം ; കണ്ടെത്തണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:00 AM | 0 min read


തൃശൂർ
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന്‌ കോടതി അനുമതി. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എൻ വിനോദ്‌കുമാർ  ഉത്തരവിട്ടു. ഇരിങ്ങാലക്കുട കോടതിയിലാണ്‌ വിചാരണ. കോടതി അനുമതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കനത്ത തിരിച്ചടിയായി.

ബിജെപി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നേതാക്കൾ കള്ളപ്പണ ഇടപാട്‌ നടത്തിയതായി മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശ്‌ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം. ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പതു കോടി രൂപ എത്തിച്ചെന്ന സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന്‌ കോടതിയെ സമീപിക്കാൻ  സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി സതീശിനെ ശനിയാഴ്‌ച ചോദ്യം ചെയ്യും. പകൽ 11ന്‌ തൃശൂർ പൊലീസ്‌ ക്ലബിൽ ഹാജരാവാൻ ഇദ്ദേഹത്തിന്‌ നിർദേശം നൽകി. വരുംദിവസങ്ങളിൽ ബിജെപി നേതാക്കളെയും ചോദ്യംചെയ്യും.

2021  ഏപ്രിൽ മൂന്നിന്‌ പുലർച്ചെയാണ്‌ കൊടകരയിൽ ബിജെപി കൊണ്ടുവന്ന കള്ളപ്പണത്തിൽ മൂന്നരക്കോടി രൂപ   കൊള്ളയടിക്കപ്പെട്ടത്‌. കെ സുരേന്ദ്രന്റെ നിർദേശപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 12 കോടിയും കള്ളപ്പണം ഇറക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്‌.

ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ 14–-ാം സാക്ഷിയാണ്‌ തിരൂർ സതീശ്‌. കള്ളപ്പണമിടപാട്‌ അന്വേഷിക്കാൻ സംസ്ഥാനത്തിന്‌ അധികാരമില്ലാത്തതിനാൽ കേന്ദ്ര ഏജൻസികളായ ഇഡിക്കും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ്‌ കമീഷനും കേരള പൊലീസ്‌  റിപ്പോർട്ട്‌ നൽകിയെങ്കിലും കേന്ദ്ര ഏജൻസികൾ അനങ്ങിയില്ല.  കുഴൽപ്പണം കടത്തിയ ധർമരാജനെ പരിചയപ്പെടുത്തിയത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറുമാണെന്ന്‌ സതീശ്‌ മൊഴി നൽകിയിരുന്നു. കുഴൽപ്പണ സംഘത്തിന്‌ ലോഡ്‌ജിൽ മുറിയെടുത്ത്‌ നൽകി, ജില്ലാ ട്രഷറർ സുജയസേനനും ധർമരാജനും കൂടെയുള്ളവരും ചേർന്ന്‌ പണച്ചാക്കുകൾ  ഓഫീസിലെത്തിച്ചു, കുഴൽപ്പണത്തിൽനിന്ന്‌ കോഴിക്കോട്ടുവച്ച്‌ കെ സുരേന്ദ്രൻ ഒരുകോടി എടുത്തതായി ധർമരാജൻ പറഞ്ഞു– തുടങ്ങിയ വിവരങ്ങളും സതീശാണ്‌ വെളിപ്പെടുത്തിയത്‌.



deshabhimani section

Related News

0 comments
Sort by

Home