ഗവർണർ സംഘപരിവാറിന്റെ കോടാലിക്കെെ ; യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം : എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 11:53 PM | 0 min read


തിരുവനന്തപുരം
കേരളത്തിലെ സർവകലാശാലകളെയും വിദ്യാഭ്യാസ മേഖലയെയും കാവിവൽക്കരിക്കാൻ ഗവർണറെ മുന്നിൽനിർത്തിയുള്ള സംഘപരിവാർ ശ്രമത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതിയെപ്പോലും വെല്ലുവിളിച്ചുള്ള ഗവർണറുടെ നടപടികളോടുള്ള യുഡിഎഫിന്റെ നിലപാട്‌ വ്യക്തമാക്കണം–- അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയുടെ നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്നാകണമെന്ന ഹൈക്കോടതി വിധി വന്ന്‌ 24 മണിക്കൂർ തികയുംമുമ്പാണ്‌ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചത്‌. അദ്ദേഹം നിയമിച്ചയാൾ സംഘപരിവാർ ഓഫീസിൽ എത്തി ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽനിന്ന്‌ ഫോട്ടോയെടുത്താണ്‌ ചുമതലയേൽക്കാൻ എത്തിയത്‌. കേരളത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ വെല്ലുവിളിക്കുന്നതാണിത്‌. അതുതന്നെയാണ്‌ കാവിവൽക്കരണത്തിന്റെ ഭാഗമായി ബിജെപിയും ആർഎസ്‌എസും ലക്ഷ്യമിടുന്നത്‌.

ഗവർണർക്കെതിരെ ഒമ്പത്‌ വിധികളാണ്‌ ഉന്നത കോടതികളിൽനിന്നുണ്ടായത്‌. കോടതിവിധി ബാധകമല്ലെന്ന നിലപാടിലാണ്‌ അദ്ദേഹം. സീമാതീതമായി സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കം വിദ്യാർഥികളും അധ്യാപകരും അക്കാദമിക സമൂഹവും തൊഴിലാളികളും ജീവനക്കാരും യോജിച്ച്‌ എതിർക്കണം. 

നേരത്തേ ഗവർണർ വഴിവിട്ട നിയമനങ്ങൾ നടത്തുമ്പോൾ അതിന്റെ ആനുകൂല്യം യുഡിഎഫിനും കിട്ടിയിരുന്നു. സംഘപരിവാറിനു മാത്രമല്ല തങ്ങൾക്കും കിട്ടി എന്ന സന്തോഷത്തിൽ ഗവർണറെ എതിർക്കാൻ കോൺഗ്രസ്‌ തയ്യാറായിട്ടില്ല. ഇപ്പോൾ  സംഘപരിവാർ ബന്ധമുള്ളവരെ മാത്രം ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചാണ്‌ കാവിവൽക്കരണത്തിന്‌ വേഗം കൂട്ടുകയാണ്‌–എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home