സ്ഥിരവരുമാനക്കാരിൽ മുന്നിൽ കേരളം ; കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവർ 27 ശതമാനം

തിരുവനന്തപുരം
രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴും സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണത്തിൽ വർധനയുമായി കേരളം. ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലാണ് സംസ്ഥാനം ഇക്കാര്യത്തിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയത്. 2018–-19 സാമ്പത്തിക വർഷം മുതൽ 2023–- 24 സാമ്പത്തിക വർഷം വരെയുള്ള കണക്കനുസരിച്ച് 6.2 ശതമാനത്തിന്റെ വർധനയുണ്ടായി. അതേസമയം ദേശീയ ശരാശരിയിൽ രണ്ട് ശതമാനത്തിന്റെ കുറവാണുള്ളത്. മറ്റു പ്രധാന സംസ്ഥാനങ്ങളിൽവച്ച് തൊഴിൽമേഖലയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ചത് കേരളമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2018–-19ൽ കേരളത്തിൽ സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണം 32.7 ശതമാനമായിരുന്നു. 2023–-24ൽ ഇത് 38.9 ശതമാനമായി വർധിച്ചു. സ്വയംതൊഴിൽ ചെയ്യുന്നവർ 40.5 ശതമാനമാണ്. ദേശീയശരാശരി അനുസരിച്ച് സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണം 2023–-24ൽ 23.2 ശതമാനമാണ്.
കേരളത്തിൽ കാർഷികേതര തൊഴിലുകളിൽ സ്വകാര്യമേഖലയുടെ പങ്ക് അഞ്ച് വർഷത്തിനിടെ ആറു ശതമാനത്തിൽനിന്ന് 8.2 ശതമാനമായി. പൊതുമേഖലയിൽ ജോലിചെയ്യുന്നവരുടെ എണ്ണം 12.7 ശതമാനമായി ഉയർന്നു. സംസ്ഥാനത്ത് കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവർ 27 ശതമാനമാണ്. 9.9 ശതമാനം പേർ നിർമാണമേഖലയിലും.









0 comments