പാലക്കാട് ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും യുഡിഎഫ് ചേര്‍ത്തുനിര്‍ത്തി: എം വി ഗോവിന്ദന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 07:52 PM | 0 min read

തിരുവനന്തപുരം>  ചേലക്കരയില്‍വിജയിക്കുമെന്ന്  യുഡിഎഫ്   ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . ചേലക്കരയില്‍ വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വികാരമുണ്ട് എന്നാണ് യുഡിഎഫും മാധ്യമങ്ങളും പ്രചരിപ്പിച്ചത്. എന്നാല്‍ പാലക്കാട് എല്‍ഡിഎഫ് വോട്ടുകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. പാലക്കാട് ബിജെപി വോട്ടുകള്‍ യുഡിഎഫ് വാങ്ങിയെന്നും ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും യുഡിഎഫ് ചേര്‍ത്തുനിര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ആദ്യം ആഹ്ളാദപ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. 10000 വോട്ടുകള്‍ യുഡിഎഫിന് നല്‍കിയെന്ന് എസ്ഡിപിഐ പറയുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ എസ്ഡിപിഐ, ജമാഅത്തെ പാര്‍ട്ടികളുമായി സിപിഐ എമ്മിന് അവിശുദ്ധ ബന്ധമെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും അത്തരം മാധ്യമങ്ങള്‍ തിരുത്തിയിട്ടില്ല. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കല്‍ അപമാനകരമായ സംഭവമാണെന്നും ഇത്തരക്കാരെ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇതാണ് സിപിഐ എമ്മിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കില്ല
സിപിഐ എം ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട്‌ കരുനാഗപ്പള്ളി കുലശേഖരപുരത്തുണ്ടായത്‌ തെറ്റായ പ്രവണതയാണെന്നും ഇതു വച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യക്തമായ നിലപാട്‌ സ്വീകരിച്ച്‌ മുന്നോട്ടുപോകുന്ന പാർടിയാണ്‌ സിപിഐ എം. കൊല്ലത്ത്‌ മറ്റ്‌ ഏരിയകളിലൊന്നും പ്രശ്‌നമില്ലാതെ സമ്മേളനം പൂർത്തിയാക്കി. കരുനാഗപ്പള്ളിയിലാണ്‌ ഇത്തരം ചിലകാര്യങ്ങളുണ്ടായത്‌. അത്‌ സംഘടനാപരമായി നേരിടും. എല്ലാകാര്യങ്ങളും പാർടി പരിശോധിക്കും. ഡോ. പി സരിൻ പാർടിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



 



deshabhimani section

Related News

0 comments
Sort by

Home