നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കും; കർശന നടപടിയെന്ന് മന്ത്രി ​ഗണേഷ് കുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:16 AM | 0 min read

തൃശൂർ> തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'നടന്നത് നരഹത്യയാണ്, ഡ്രൈവറും ക്ലീന‌റും ഇപ്പോഴും മദ്യലഹരിയിൽ തുടരുകയാണ്. ഡ്രൈവറുടെ ലൈസൻസും ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കും'- മന്ത്രി പറഞ്ഞു.  അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് ഉണ്ടായത്. ഇവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി എടുക്കും. ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ലോറി ഉടമയ്ക്ക് നോട്ടീസ് നൽകിയ ശേഷം രജിസ്ട്രേഷൻ റദ്ദാക്കും.  മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം അപകടത്തിനിടയായ വാഹനമോടിച്ചത് ക്ലീനറാണെന്ന് കണ്ടെത്തി. ക്ലീനർക്ക് ലൈസൻസ് ഇല്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഡ്രൈവർ മദ്യപിച്ച് വണ്ടിയിൽ കിടന്നുറങ്ങുകയായിരുന്നു. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശികളായ ലോറി ഡ്രൈവർ ബെന്നി എന്ന് ജോസ് (54), ക്ലീനർ ഏഴിയാക്കുന്നേൽ അലക്സ് ജോണി (38) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം .പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home