ഡ്രൈവിങ് സീറ്റിൽ രാജിയുമുണ്ടാകും; തിരുവനന്തപുരം കെഎസ്ആർടിസിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 09:20 AM | 0 min read

കാട്ടാക്കട > കെഎസ്ആർടിസിയുടെ ഡ്രൈവിങ് സിറ്റിലൊരു വനിത, തിരുവനന്തപുരത്തുകാർക്ക് അത് പുതിയൊരനുഭവമാണ്. സമസ്ത മേഖലകളും വനിതകൾ ശോഭിക്കുന്ന ഈ കാലത്ത് വളയം പിടിക്കാനൊരു പെൺകുട്ടി എത്തുന്നത് അത്ഭുതമൊന്നുമല്ലെങ്കിലും തിരുവനന്തപുരം കെഎസ്ആർടിസിയുടെ ചരിത്രത്തിൽ അങ്ങനെയൊന്ന് ആദ്യമാണ്. സംസ്ഥാനത്ത് ഇത് രണ്ടാമതും. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജി(35)യാണ് ആനവണ്ടിയുടെ വളയം പിടിച്ച്‌ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്.   

വർഷങ്ങളോളം കാട്ടാക്കടയിൽ ടാക്സി ഡ്രൈവർ ആയിരുന്ന റസാലത്തിന്റെയും ശാന്തയുടെയും മകളാണ് രാജി. അച്ഛന്റെ വാഹനങ്ങൾ കഴുകാനും അറ്റകുറ്റപ്പണിക്കും ആവേശത്തോടെ കൂടെക്കൂടിയിരുന്ന രാജിക്ക് ​ഡ്രൈവിങ് സീറ്റ് എന്നുമൊരു ആവേശമായിരുന്നു. സ്കൂൾ, ഡിഗ്രി പഠനകാലത്തും അതിനോടുള്ള ഇഷ്ടം തുടർന്നു. അച്ഛനോടൊപ്പം പതിയെപ്പതിയെ ബൈക്കും കാറും ലോറിയും ഓടിച്ചുപഠിക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞ് ഭർത്താവ് ബനാർജിന്റെ പിന്തുണയും കിട്ടി. കൂടുതൽ സമയം വാഹനം ഓടിക്കണം എന്ന ആഗ്രഹം ചെന്നെത്തിയത് ഡ്രൈവിങ് സ്കൂൾ പരിശീലകയുടെ വേഷത്തിലേക്കായിരുന്നു. ഒന്നര പതിറ്റാണ്ടോളമായി ഡ്രൈവിങ് പരിശീലക എന്നനിലയിൽ കാട്ടാക്കടക്കാർക്ക് ചിരപരിചിതയാണ് രാജി. അതിനിടെയാണ് കെഎസ്ആർടിസിയിൽ വനിതാ ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനിച്ച് അപേക്ഷ ക്ഷണിച്ചത് അറിയുന്നത്. പരീക്ഷയിൽ രാജി രണ്ടാം റാങ്കോടെ വിജയിച്ചു.

കാട്ടാക്കട – പ്ലാമ്പഴിഞ്ഞി റൂട്ടിൽ വെള്ളിയാഴ്ച പകൽ 1.50ന് ആയിരുന്നു ആദ്യ ട്രിപ്പ്. കൂടെ കണ്ടക്ടറായി അശ്വതിയും. ഡ്രൈവിങ് സീറ്റിൽ രാജിയെ കണ്ടതോടെ നാടൊന്നാകെ ആശംസ അറിയിച്ചു. ആദ്യ യാത്രയും കെഎസ്ആർടിസി ഡ്രൈവിങ്ങും പ്രത്യേക അനുഭവമായെന്ന്‌ രാജി പറയുന്നു. പ്ലാമ്പഴിഞ്ഞി ട്രിപ്പിനുശേഷം വെള്ളിയാഴ്‌ച അഞ്ച്‌ ട്രിപ്പിലായി 150 കിലോമീറ്റർ വണ്ടി ഓടിച്ച് രാത്രി രാജി തിരിച്ചെത്തുമ്പോൾ കൂട്ടിക്കൊണ്ടുപോകാൻ അച്ഛൻ റസാലത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു, മകളെഴുതിയ ചരിത്രത്തിൽ തന്റെ പേര് കൂടി ചേർത്തു വച്ചിരിക്കുന്ന എന്ന അഭിമാനത്തോടെ.



deshabhimani section

Related News

View More
0 comments
Sort by

Home