പമ്പയാറില്‍ തീപടര്‍ത്തി കാരിച്ചാലിന്റെ വിജയക്കുതിപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 10:59 PM | 0 min read

തകഴി
പമ്പയാറില്‍ തീപടര്‍ത്തി കൈനകരിയില്‍ കാരിച്ചാലിന്റെ വിജയക്കുതിപ്പ്. പിബിസി പള്ളാത്തുരുത്തിയുടെ കരുത്തിലാണ് ആതിഥേയരായ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരത്തെയും യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരിയുടെ തലവടിയെയും തുഴപ്പാടുകള്‍ക്ക് പിന്നിലാക്കി കാരി വിജയവരതൊട്ടത്. സമയം 3.57.51 മിനിറ്റ്.

മൂന്ന് ഹീറ്റ്സിലായി ഒമ്പത് ജലരാജക്കന്മാരാണ് സിബിഎല്‍ 2024 സീസണിലെ രണ്ടാം മത്സരമായ കൈനകരി ജലോത്സവത്തില്‍ മത്സരിച്ചത്. ഹീറ്റ്സുകളിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ട്രാക്കില്‍ കാരിച്ചാലും രണ്ടാം ട്രാക്കില്‍ തലവടിയും മൂന്നാം ട്രാക്കില്‍ വീയപുരവും കലാശപ്പോരില്‍ ഏറ്റുമുട്ടി. ട്രാക്കിന്റെ അവസാനപകുതിയുടെ ആദ്യപാദത്തില്‍ വീയപുരത്തെയും തലവടിയെയും പിന്നിലാക്കി കാരിച്ചാല്‍ ലീഡ് നേടി. എന്നാല്‍ അവിശ്വസനീയമായ കുതിപ്പില്‍ വീയപുരം ഒപ്പമെത്തി.

നെഹ്‌റുട്രോഫി ഫൈനലിലെ വാശി ആവര്‍ത്തിച്ച കൈനകരി നെട്ടായത്തില്‍ അവസാന അഞ്ചുമീറ്ററിലാണ് കാരിച്ചാല്‍ വെന്നിക്കൊടിപാറിച്ചത്.വീയപുരം (3.58.42) രണ്ടാംസ്ഥാനവും തലവടി ചുണ്ടന്‍ (4.01.63) മൂന്നാം സ്ഥാനവും നേടി. നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ (4.06.85) നാലാമതായി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം (4.08.61) അഞ്ചാമതും കെബിസി എസ്എഫ്ബിസിയുടെ മേല്‍പ്പാടം ചുണ്ടന്‍ (4.32.41) ആറാമതുമായി. ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടന്‍ (4.40.97) ഏഴാമതും പിബിസി പുന്നമടയുടെ ചമ്പക്കുളം ചുണ്ടന്‍ (4.41.72) എട്ടാമതും ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ വലിയ ദിവാന്‍ജി ചുണ്ടന്‍ (5.10.15) ഒമ്പതാമതുമായി.


പോയിന്റ് നിലയിലും മുന്നില്‍


ഇതോടെ പോയിന്റ് നിലയില്‍ കാരിച്ചാല്‍ (20) ഒന്നാമതായി. വീയപുരം (19), നിരണം (17), തലവടി (17) എന്നിങ്ങനെയാണ് ആദ്യ സ്ഥാനക്കാര്‍. താഴത്തങ്ങാടയിലെ ആദ്യമത്സരത്തില്‍ അയോഗ്യരാക്കപ്പെട്ടതോടെ നാടുഭാഗത്തിന് ആറ് പോയിന്റ് മാത്രമാണുള്ളത്.

പകല്‍ രണ്ടിന് കലക്ടര്‍ അലക്സ് വര്‍ഗീസ് പതാകഉയര്‍ത്തി. മന്ത്രി പി പ്രസാദ് ജലമേള ഉദ്ഘാടനംചെയ്തു. തോമസ് കെ തോമസ് എംഎല്‍എ അധ്യക്ഷനായി. മുന്‍ എംഎല്‍എ കെ കെ ഷാജു മാസ്ഡ്രില്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി, കെ എ പ്രമോദ്, കെ എസ് അനില്‍കുമാര്‍, സബിത മനു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗം എ ഡി ആന്റണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ വഞ്ചിപ്പാട്ടും അരങ്ങേറി.

 



deshabhimani section

Related News

View More
0 comments
Sort by

Home