ശാശ്വതപരിഹാരം ; മുനമ്പത്ത്‌ നാലിന പ്രവർത്തനപദ്ധതി , ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ നായർ ജുഡീഷ്യൽ കമീഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 11:24 PM | 0 min read


തിരുവനന്തപുരം
മുനമ്പം വഖഫ്‌ ഭൂമി വിഷയത്തിൽ ശാശ്വത പരിഹാരത്തിന്‌ വഴി തെളിയുന്നു.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം ഇതിനായി നാല് തീരുമാനങ്ങൾക്ക് രൂപം നൽകി.  അർഹരായ മുഴുവനാളുകളുടെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഒപ്പമുണ്ടാകുമെന്ന്‌ സർക്കാർ ഉറപ്പ്‌ നൽകി. പ്രദേശവാസികളെ   ഭൂമിയിൽ നിന്ന്‌ ഇറക്കിവിടാതെയുള്ള പരിഹാരമാണ്‌ ലക്ഷ്യം. നിയമപരമായ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണാനായി ഹൈക്കോടതി മുൻ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമീഷനെ നിയോഗിക്കുമെന്ന്‌ മന്ത്രിമാരായ പി രാജീവ്‌, കെ രാജൻ, വി അബ്ദുറഹിമാൻ എന്നിവർ ഉന്നതതലയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുനമ്പത്ത് താമസിക്കുന്ന രേഖകളുള്ള ഒരാളെയും  കുടിയൊഴിപ്പിക്കില്ല. പ്രദേശവാസികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കും. അന്തിമ തീരുമാനമാകുംവരെ പുതിയ നോട്ടീസ് അടക്കമുള്ള നടപടി പാടില്ലെന്ന നിർദേശം വഖഫ് ബോർഡ്‌ അംഗീകരിച്ചു.  നൽകിയ നോട്ടീസുകളിൽ  തുടർനടപടികളുമുണ്ടാകില്ല.   നികുതി അടയ്‌ക്കാൻ മുമ്പ് തീരുമാനമായിരുന്നെങ്കിലും കോടതി സ്റ്റേ ചെയ്‌തു.  സ്റ്റേ പിൻവലിക്കാൻ സർക്കാർ നടപടി  സ്വീകരിക്കും. ഉന്നതതലയോഗ നടപടികളുമായി ബന്ധപ്പെട്ട്‌ ശനി വൈകിട്ട്‌ നാലിന്‌ സമരസമിതി ഭാരവാഹികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

കമീഷൻ പരിഹാരം 
മൂന്നുമാസത്തിനകം
ജുഡീഷ്യൽ കമീഷനാവശ്യമായ സഹായങ്ങളും സംവിധാനങ്ങളും സർക്കാർ ഒരുക്കും. കമീഷൻ നടപടി ക്രമങ്ങൾ മൂന്നുമാസത്തിനകം പൂർത്തീകരിക്കാനാണ്‌ തീരുമാനം.   ടേംസ്‌ ഓഫ്‌ റഫറൻസ്‌ ഉടൻ തയ്യാറാക്കി നൽകും.ഒമ്പത്‌ കേസുകൾ ഹൈക്കോടതിയിലും രണ്ടെണ്ണം ട്രിബ്യൂണലിലും നിലനിൽക്കുന്നുണ്ട്‌. ഭൂമിയിൽ താമസിക്കുന്നവരുടെ താൽപര്യത്തിനാണ്‌ സർക്കാർ മുൻഗണന നൽകുന്നത്‌. ഈ വിഷയത്തിൽ ധ്രുവീകരണത്തിന്‌ ആരും ശ്രമിക്കരുത്‌. ശാശ്വത പരിഹാരം കാണാനുള്ള സർക്കാർ ശ്രമവുമായി എല്ലാവരും സഹകരിക്കണം --– മന്ത്രിമാർ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home