ശബരിമല; തീർഥാടകരുടെ ദാഹമകറ്റി ശബരീതീർഥം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 10:44 AM | 0 min read

ശബരിമല > തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങളാണ്. പമ്പ മുതൽ സന്നിധാനം വരെ ‘ശബരീ തീർഥം' എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്‌. പമ്പ കെഎസ്‌ആർടിസി മുതൽ സന്നിധാനം വരെ 106 കിയോസ്‌കുകളാണ്‌ നിലവിൽ സ്ഥാപിച്ചിരിക്കുന്നത്‌. ഇവിടെയുളള മുന്നൂറോളം ടാപ്പുകളിലൂടെ 24 മണിക്കൂറും മുടക്കമില്ലാതെ കുടിവെള്ളം തീർഥാടകർക്ക്‌ ലഭിക്കും. ആവശ്യമെങ്കിൽ കൂടുതൽ കിയോസ്‌ക്‌ സ്ഥാപിക്കാനും വാട്ടർ അതോറിറ്റി സജ്ജമാണ്‌. ‘റിവേഴ്സ് ഓസ്‌മോസിസ് '(ആർഒ) പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് നൽകുന്നത്. മണിക്കൂറിൽ 35,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് പദ്ധതിയുടേതായുള്ളത്‌.

പമ്പ ത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമലബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് ജല വിതരണം. പമ്പയിൽ 2.8 ലക്ഷം ലിറ്റർ, രണ്ട് ലക്ഷം ലിറ്റർ, 1.35 ലക്ഷം ലിറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളാണുള്ളത്‌. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകൾക്ക് രണ്ട് ലക്ഷം ലിറ്റർ വീതമാണ് സംഭരണശേഷി. ശരംകുത്തിയിലേത് ആറ് ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കാണ്. ആകെ 18.1 ലക്ഷം ലിറ്ററിന്റെ സംഭരണശേഷി.

ഇത് കൂടാതെ പാണ്ടിതാവളത്തിന് സമീപം ദേവസ്വം ബോർഡിന്റെ 40, 10 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകൾ ഉണ്ട്. കുന്നാർ ഡാമിൽ നിന്നാണ് ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസരങ്ങളിൽ വാട്ടർ അതോറിറ്റി ഈ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും. പമ്പ ഹിൽടോപ്പിൽ പ്രളയത്തിൽ തകർന്ന വിതരണ പൈപ്പുകൾ പുനസ്ഥാപിച്ചു വെള്ളമെത്തിച്ചു.

ചൂട്‌ വെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം

106 കുടിവെള്ള കിയോസ്‌കുകൾക്ക്‌ പുറമെ നിരവധി ഇടങ്ങളിൽ ചൂട്‌, തണുപ്പ്‌, സാധാരണ വെള്ളം എന്നിവ നൽകുന്ന വാട്ടർ ഡിസ്‌പെൻസറുകളുമുണ്ട്‌. പൊലീസ്‌ കൺട്രോൾ റൂം, ആഞ്ജനേയ ഓഡിറ്റോറിയത്തിന്‌ സമീപം, നീലിമല ബോട്ടം, അപ്പാച്ചിമേട്‌, മരക്കൂട്ടം, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിലാണ്‌ വാട്ടർ ഡിസ്‌പെൻസറുകൾ. 1.3 കോടി ലിറ്റർ വെള്ളം പ്രതിദിനം പമ്പ്‌ ചെയ്യാനുള്ള സംവിധാനമാണ്‌ ത്രിവേണിയിലുള്ളത്‌. പ്രെഷർ ഫിൽട്ടർ സംവിധാനം ഉപയോഗിച്ച്‌ ശുദ്ധീകരിച്ചാണ്‌ വെള്ളം പമ്പ്‌ ചെയ്യുന്നത്‌. നിശ്‌ചിത ഇടവേളകളിൽ ഫിൽട്ടർ സംവിധാനത്തിൽ അടിയുന്ന ചെളിയും നീക്കം ചെയ്യും.
 



deshabhimani section

Related News

View More
0 comments
Sort by

Home