അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ; സ്വാഗതമോതി അറിവുത്സവ പോരാളികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 01:03 AM | 0 min read


കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ മെഗാ ഫൈനലിന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ആതിഥ്യമേകുമ്പോൾ കലാലയത്തെ നയിച്ച്‌ ഇവരുണ്ട്‌. മഹാരാജാസിലെ വിദ്യാർഥി യൂണിയൻ ചെയർമാൻ എം അഭിനന്ദും വൈസ്‌ ചെയർപേഴ്സൺ പി അഥീനയും. 23ന്‌ നടക്കുന്ന സംസ്ഥാനതല ക്വിസ്‌ മത്സരം അറിവിന്റെ മഹോത്സവമാക്കാൻ ക്യാമ്പസിന്റെ കൈമെയ്‌ മറന്നുള്ള പിന്തുണയാണ്‌ ഇരുവരും വഗ്‌ദാനം ചെയ്യുന്നത്‌.

‘അക്ഷരമുറ്റം മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിജയിക്കുന്നവർക്കും കിട്ടുന്ന സ്വീകാര്യത വലുതാണെന്ന്‌ അഭിനന്ദ്‌. സ്‌കൂൾ പഠനകാലത്ത്‌ വാശിയോടെ പങ്കെടുത്തിരുന്നു. അറിവുത്സവത്തിന്‌ മഹാരാജാസ്‌ വേദിയാകുമ്പോൾ ഇവിടെയുണ്ടാകാനായതിന്റെ സന്തോഷം അഭിനന്ദ്‌ പങ്കിട്ടു. അക്ഷരമുറ്റം മെഗാ ഫൈനലിൽ പങ്കെടുക്കാൻ മഹാരാജാസിലേക്ക്‌ എത്തുന്ന പുതുതലമുറയ്‌ക്ക്‌ സുസ്വാഗതമോതുകയാണ്‌ അഭിനന്ദും പി അഥീനയും.

അഭിനന്ദ്‌ മഹാരാജാസിലെ എംഎ രണ്ടാംവർഷ പൊളിറ്റിക്കൽ സയൻസ്‌ വിദ്യാർഥിയാണ്‌. അഥീന രണ്ടാംവർഷ ബിഎ പൊളിറ്റിക്കൽ സയൻസ്‌ വിദ്യാർഥിനിയും. കണ്ണൂർ തെരുവമ്പ്രം യുപി സ്‌കൂളിലും ഹൈസ്‌കൂളിലും പഠിക്കുമ്പോഴാണ്‌ അഭിനന്ദ്‌ അക്ഷരമുറ്റം സബ്‌ ജില്ല, ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളത്‌. കണ്ണൂർ രബീന്ദ്രനാഥ ടാഗോർ സ്‌കൂളിലെ വിദ്യാർഥിനിയായിരിക്കെ അഥീനയും പങ്കെടുത്തു. അറിവിന്റെ ചുരികയെറിഞ്ഞ്‌ അടരാടിയ അക്ഷരമുറ്റം മത്സരങ്ങളുടെ ഓർമകളെ വീണ്ടെടുക്കുകയാണ്‌ കലാലയത്തിന്റെ സാരഥികൾ. സംസ്ഥാനതല മത്സരം വ്യവസായമന്ത്രി പി രാജീവ്‌ രാവിലെ 10ന്‌ ഉദ്‌ഘാടനം ചെയ്യും. യുവ സിനിമാതാരം ശ്യാം മോഹൻ (പ്രേമലു ഫെയിം) ആണ്‌ മുഖ്യാതിഥി.



deshabhimani section

Related News

View More
0 comments
Sort by

Home