Deshabhimani

ലോകചാമ്പ്യന്മാരായ മെസിയെയും ടീമിനെയും വരവേൽക്കാൻ ഒന്നിക്കാം; മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 06:39 PM | 0 min read

തിരുവനന്തപുരം > ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദർശനം ‌‌‌‌‌സംസ്ഥാനത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കായിക സംസ്കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ് പകരാൻ ടീമിന്റെ സന്ദർശനം വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫുട്ബോളിനെ ഹൃദയത്തോടു ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണ് നമുക്ക് ഫുട്ബോളിനോടുള്ളത്. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമും അടുത്ത വർഷം സംസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷമായിരിക്കുമത്. അർജന്റീന ടീമിന് ഊഷ്മളമായ വരവേൽപ്പ് നൽകാൻ നാടാകെ ആവേശപൂർവം ഒരുമിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home