വി മുരളീധരന്റെ അഭിപ്രായം വസ്‌തുതാവിരുദ്ധം : ടി പി രാമകൃഷ്‌ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:33 AM | 0 min read


തിരുവനന്തപുരം
വയനാട്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ ബിജെപി നേതാവ്‌ വി മുരളീധരന്റെ വിശകലനം വസ്‌തുതാ വിരുദ്ധമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. ഉരുൾപൊട്ടൽ എത്ര വാർഡിനെ ബാധിച്ചു എന്നതല്ല പ്രശ്നം. ദുരന്തത്തിന്റെ ആഘാതമാണ്‌ വിഷയം. നാനൂറോളം പേരാണ്‌ മരിച്ചത്‌. ആയിരത്തിലധികം പേർക്ക് ജീവനോപാധി നഷ്ടപ്പെട്ടു. ഇവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടിയാണ്‌ വേണ്ടത്‌.

കെ സുധാകരന്റെ അഭിപ്രായങ്ങൾക്ക്‌ ആരും വില കൽപ്പിക്കുന്നില്ല. ചേവായൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സ്വന്തം പാർടിക്കാരുടെ ജീവനെടുക്കുമെന്നാണ്‌ ഭീഷണിപ്പെടുത്തിയത്‌. ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിൽ ജാംബവാന്റെ കാലത്ത്‌ നടന്ന സംഭവത്തെ കുറിച്ച്‌ എന്ത്‌ പ്രതികരിക്കാനെന്നാണ്‌ ചോദിച്ചത്‌. രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക്‌ ഒരു ഗൗരവവും അദ്ദേഹം കാണിക്കുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രപരസ്യത്തിൽ ആരെയും മാറ്റിനിർത്താറില്ല. എല്ലാവരെയും ഒരുപോലെ കണ്ടാണ്‌ പരസ്യം നൽകുന്നത്‌.

പങ്കാളിത്ത പെൻഷനിൽ മാറ്റംവരുത്തണമെന്നാണ്‌ എൽഡിഎഫിന്റെ നിലപാട്‌. പുതിയ പെൻഷൻ പദ്ധതിയെ കുറിച്ചുള്ള ആലോചന സർക്കാരിന്റെ മുന്നിലുണ്ട്‌. എല്ലാവരുമായി ചർച്ച നടത്തി തീരുമാനത്തിലെത്തുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home