മാങ്കൂട്ടത്തിലിനെതിരെ 
ചാണ്ടി ഉമ്മന്റെ ഒളിയമ്പ്‌ ; സിപിഐ എം പ്രവർത്തകരോട്‌ കൈകോർത്തുള്ള ചിത്രം ഫെയ്സ്ബുക്കിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:45 PM | 0 min read


തിരുവനന്തപുരം
സിപിഐ എം പ്രവർത്തകരുടെ കൈകോർത്ത്‌ പിടിച്ച്‌ സമൂഹമാധ്യമത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ പങ്കുവച്ച ചിത്രം പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും സജീവ ചർച്ചയായി. മുംബെെയിൽ  അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്‌ത ഷാളും തൊപ്പിയുമണിഞ്ഞ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രം  ഉപതെരഞ്ഞെടുപ്പിന്റെ  കൊട്ടിക്കലാശം നടന്ന ദിവസമാണ്‌ പങ്കുവച്ചത്‌.   ചാണ്ടി ഉമ്മൻ  പാലക്കാട്‌ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമില്ലെന്ന്‌ എ ഗ്രൂപ്പ്‌ പ്രവർത്തകർക്കു നൽകിയ സന്ദേശമാണിതെന്ന്‌  ചർച്ചയുയർന്നു. ‘ബെസ്‌റ്റ്‌ ടൈമിങ്‌’ എന്നായിരുന്നു മറ്റൊരു കമന്റ്‌.

രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള താൽപ്പര്യമില്ലായ്‌മ ചാണ്ടി ഉമ്മൻ തുടക്കം മുതലേ രഹസ്യമായും പരസ്യമായും പ്രകടിപ്പിച്ചിരുന്നു.  സ്ഥാനാർഥിയായ ശേഷം രാഹുൽ  ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ കല്ലറയിൽ പോകാൻ ആഗ്രഹമറിയിച്ചെങ്കിലും ചാണ്ടി ഉമ്മൻ വഴങ്ങിയില്ല. പിന്നീട്‌ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളില്ലാതെ കല്ലറ സന്ദർശിക്കേണ്ടിവന്നു. അതേസമയം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിനെ കല്ലറ  സന്ദർശിക്കാൻ അനുവദിക്കുകയും ചെയ്‌തു.  ഉമ്മൻ ചാണ്ടിയെയും എ ഗ്രൂപ്പിനെയും വഞ്ചിച്ച്‌ വി ഡി സതീശനൊപ്പം നിലയുറപ്പിച്ച ഷാഫി പറമ്പിലിനോടും രാഹുൽ മാങ്കൂട്ടത്തിലിനോടുമുള്ള എതിർപ്പാണ്‌ ഈ പോസ്റ്റിന് പിന്നിലെന്നും ചർച്ചയുണ്ട്‌. ചാണ്ടി ഉമ്മന്റെ പോസ്റ്റ്‌ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനകം വൈറലായി.  പാലക്കാട്‌ ആർക്ക്‌ വോട്ടുരേഖപ്പെടുത്തണമെന്ന പരോക്ഷ ആഹ്വാനം കൂടിയാണ്‌ ചാണ്ടി ഉമ്മന്റെ പോസ്‌റ്റെന്നും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home