രണ്ട് ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടിയുടെ ഭരണാനുമതി നൽകി: വീണാ ജോർജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 05:04 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂർ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ൽ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കർ ഭൂമിയിൽ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. മാസ്റ്റർ പ്ലാൻ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിർമ്മാണ പ്രവർത്തികൾക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാർഡിന് നൽകിയത്. അതിൽ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇൻ പേഷ്യന്റ് ബ്ലോക്ക് നിർമ്മാണത്തിനാണ് 28 കോടി രൂപ നബാർഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റർ സ്‌ക്വയർ ആണ്. 120 കിടക്കകളുള്ള ഫാമിലി വാർഡ് ആണ് ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നത്. ഒപി, ചൈൽഡ് ഒപി, ഐപി എന്നിവയാണ് നിർമ്മിക്കുന്നത്.

പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി 2 ബേസ്‌മെന്റ് ഫ്‌ളോർ, ഗ്രൗണ്ട് ഫ്‌ളോർ, ഫസ്റ്റ് ഫ്‌ളോർ എന്നിവയുടെ നിർമ്മാണത്തിനായി ഒന്നാം ഘട്ടത്തിൽ 19.75 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.

ഒന്നാം ബേസ്മെന്റ് ഫ്‌ളോറിൽ ഫ്രീസർ റൂം, സ്റ്റോർ റൂം, ഇലക്ട്രിക്കൽ യൂണിറ്റ്, ഓക്‌സിജൻ സ്റ്റോറേജ് എന്നിവയും, രണ്ടാം ബേസ്മെന്റ് ഫ്‌ളോറിൽ മെഡിസിൻ സ്റ്റോർ, ലാബ്, എക്‌സ് റേ, ഇസിജി, ലോൺട്രി, അടുക്കള, സ്റ്റെറിലൈസേഷൻ യൂണിറ്റ് എന്നിവയും, ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, കാഷ്വാലിറ്റി, മൈനർ ഒടി, ഡ്രസ്സിങ് റൂം, പ്ലാസ്റ്റർ റൂം, ഫാർമസി, സെർവർ റൂം എന്നിവയും, ഫസ്റ്റ് ഫ്‌ളോറിൽ മെഡിക്കൽ ഐസിയു, ലേബർ റൂം, നവജാതശിശു പരിചരണ വിഭാഗം, തിയറ്റർ കോംപ്ലക്‌സ്, സർജിക്കൽ ഐസിയു, റിക്കവറി റൂം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇവയുടെ നിർമ്മാണം പൂർത്തീകരിച്ചു.

കെട്ടിടത്തിന്റെ രണ്ടാം ഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെയും അനുബന്ധ പ്രവൃത്തികളുടെയും പൂർത്തീകരണത്തിനായാണ് 25 കോടി രൂപ അനുവദിച്ചത്. രണ്ടാംനിലയിൽ ഓഫ്താൽമോളജി ഒപി, ഡെന്റൽ ഒപി, ഓപ്പറേഷൻ തീയറ്റർ, പ്രീ ഓപ്പറേഷൻ റൂം, വാർഡുകൾ, റൂമുകൾ എന്നിവയും, മൂന്നാം നിലയിൽ വാർഡുകൾ, റൂമുകൾ, ഓഫീസ്, റിക്രിയേഷൻ റൂം, കോൺഫറൻസ് റൂം എന്നിവയുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കൂടാതെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികളും, അനുബന്ധ പ്രവൃത്തികൾക്കായി ആശുപത്രിക്കകത്തെ റോഡ്, അപ്രോച്ച് റോഡ്, യാർഡ്, ഇന്റർലോക്ക്, സംരക്ഷണഭിത്തി, ചുറ്റുമതിൽ മാലിന്യസംസ്‌കരണ പ്ലാന്റ്, ഗേറ്റ്, ഇലക്ട്രിക്കൽ, എസി, ട്രാൻസ്‌പോർമർ സൗകര്യം എന്നിവയും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home