കിഫ്ബി: 743.37 കോടിയുടെ 32 പദ്ധതികൾക്ക് ധനാനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 04:09 PM | 0 min read

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 51-ാമത് കിഫ്ബി ബോർഡ് യോഗം 743.37 കോടി രൂപയുടെ 32 പദ്ധതികൾക്ക് ധനാനുമതി നൽകി. ഇതോടെ ആകെ 87,378.33 കോടി രൂപയുടെ 1147 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രി, കൊട്ടാരക്കര ഐടി പാർക്ക്, വിഴിഞ്ഞം- കൊല്ലം- പുനലൂർ വ്യാവസായിക ഇടനാഴിക്കുള്ള സ്ഥലമെടുപ്പ്, കണ്ണൂർ മാവിലായിലെ എ കെ ജി ഹെറിറ്റേജ് സ്‌ക്വയർ, ചിലവന്നൂർ കനാൽ വികസനം തുടങ്ങിയവയ്ക്കും യോഗം തത്വത്തിൽ അംഗീകാരം നൽകി.

നവംബർ ആറിനും 18നും നടന്ന എക്‌സിക്യൂട്ടിവ് യോഗത്തിലുമായി അനുമതി നല്‍കിയ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിൽ റോഡ് വിസന പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പുൾപ്പടെ 335.28 കോടി രൂപയുടെ 11 പദ്ധതികൾ, കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് കീഴിൽ 23.35 കോടി രൂപയുടെ മൂന്ന് പദ്ധതികൾ, ആരോഗ്യ വകുപ്പിന് കീഴയിൽ കിഫ്ബി ധനസഹായം കൊണ്ട് നിർമാണം പൂർത്തിയാകാറായ ഒമ്പത് ആശുപത്രികൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 30.38 കോടി രൂപ, ജലവിഭവ വകുപ്പിന് കീഴിൽ 20.5 കോടി രൂപയുടെ മൂന്ന് പദ്ധതി, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 9.95 കോടി രൂപയുടെ ഒരു പദ്ധതി, കായികവകുപ്പിന് കീഴിൽ 4.39 കോടിയുടെ ഒരു പദ്ധതി, വനം വകുപ്പിന് കീഴിൽ 67.97 കോടി രൂപയുടെ പദ്ധതി, ടൂറിസം വ്യവസായം ഐടി എന്നീ വകുപ്പുകൾക്ക് കീഴിലായി യഥാക്രമം 29.75 കോടി, 8.91 കോടി, 212.87 കോടി രൂപയുടെ പദ്ധതികൾ എന്നിവയ്ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

ധനാനുമതി നൽകിയ പ്രധാന പദ്ധതികൾ
 

  • തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ആറാം ഘട്ടത്തിൽ ഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മാണം
  • വയനാട്ടിലെ കാർബൺ ന്യൂട്രൽ കോഫി പാർക്കിന് ഭൂമി ഏറ്റെടുക്കൽ
  • കൊച്ചിയിലെ നഗര പുനരുജ്ജീവനവും സംയോജിത ജലഗതാഗത പദ്ധതിയിലെ മൂന്ന് വികസന പ്രവർത്തനങ്ങൾ
  • വിവിധ ആശുപത്രികൾക്കായി മെഡിക്കൽ ഉപകരണങ്ങളും ആശുപത്രി ഫർണിച്ചർ വാങ്ങുന്നതിനുള്ള അംഗീകാരം
  • സാമൂഹിക പങ്കാളിത്തത്തിലൂടെ മനുഷ്യൻ വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള പദ്ധതി
  • തിരുവനന്തപുരംസർക്കാർ മെഡിക്കൽ കോളേജിൽ ഹൈ ഡോസ് തെറാപ്പി വാർഡ് വികസിപ്പിക്കുന്നതിനും എസ്എറ്റി ആശുപത്രിയിലെ വനിതാ ശിശു ബ്ലോക്ക് പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള അംഗീകാരം
  • ആധുനിക ഗ്യാസ് ശ്മശാനങ്ങളുടെ നിർമ്മാണം
  • ആലപ്പുഴ ജില്ലയിലെ മുണ്ടക്കൽ പാലം- ചവറ ഭവൻ സി ബ്ലോക്ക് റോഡ് നിർമ്മാണം
  • കൊട്ടാരക്കര ടൗൺ റിങ് റോഡിന്റെ രംണ്ടാഘട്ട നിർമ്മാണം
  • മലയോര ഹൈവേയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ചാവറാമ്മുഴി പാലത്തിന്റെ നിർമ്മാണം
  • വടകര നാരായണ നഗരം ഇൻഡോർ സ്‌റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം
  • തലശേരി പൈതൃക പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി തലശേരി കടൽത്തറ ഓവർബറി പാലം/പ്ലാസയുടെ വികസനം
  • പാൽകുളം തോടിന്റെ കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണം
  • വെള്ളക്കയത്തിന് സമീപം പെരിയാറിന് കുറുകെ വെന്റ്ഡ് ക്രോസ് ബാർ കം കോസ്വേയുടെ നിർമ്മാണം
  • മടമ്പാടിക്ക് സമീപം ചിന്നാർ പുഴയ്ക്ക് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണം

 



deshabhimani section

Related News

View More
0 comments
Sort by

Home