പരസ്യപ്രചാരണം അവസാനിച്ചു; പാലക്കാട് 20ന് ബൂത്തിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 06:02 PM | 0 min read

പാലക്കാട്> ഇരുപത്തിയേഴ് ദിനം നീണ്ടുനിന്ന പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണച്ചൂടിന് കൊട്ടിക്കലാശം. വൈകിട്ട്‌ ആറിന്‌ പരസ്യപ്രചാരണം അവസാനിച്ചു. ജനം ബുധനാഴ്ച വിധിയെഴുതും. നാളെ നിശബ്ദ പ്രചാരണം.

അപ്രതീക്ഷിത സ്ഥാനാർഥിത്വംകൊണ്ട്‌ യുഡിഎഫ്‌, ബിജെപി ക്യാമ്പുകളെ ഞെട്ടിച്ച എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ അവസാനലാപ്പിലും കളംനിറഞ്ഞു. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നും തുടക്കം കുറിച്ച എൽഡിഎഫ് കൊട്ടിക്കലാശത്തിന്‌ വൻസ്വീകരണമാണ് ലഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ പ്രകടനമായാണ് ജനമണിനിരന്നത്. യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽകാർഡ്‌ കേസിൽ ആരോപണ വിധേയനായ യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാറിനെതിരെയും അവരുടെ പാർടികളിൽ തന്നെ വലിയ അസംതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്‌.

പാലക്കാട്‌ എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്‌സഭാ തെഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലേക്ക്‌ പോയതോടെ രാജിവച്ച ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌.  വയനാട്‌ ലോക്‌സഭാ മണ്ഡലം, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം 13 ന്‌ പാലക്കാടും നടക്കേണ്ടിയിന്നു. അന്ന്‌ ജില്ലയുടെ ജനകീയ ഉൽസവമായ കൽപ്പാത്തി രഥോൽസവമായതിനാൽ 20 ലേക്ക്‌ മാറ്റുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ദിവസം തന്നെ തിയതി നീട്ടണമെന്ന്‌  സിപിഐ എം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ്‌ നീട്ടിയത്‌.  

പ്രതിഷേധം, രാജി, കള്ളപ്പണം, ട്രോളി ബാഗ്‌, കള്ളവോട്ട്‌, വ്യാജ സ്‌പിരിറ്റ്‌ അങ്ങനെ  വിവാദങ്ങളുടെ പെരുമഴയായിരുന്നു തുടക്കം മുതൽ. നേതാക്കളുടെ കോക്കസിനെതിരെ കലാപമുയർത്തിയ ഡോ. പി സരിനിൽ തുടങ്ങി ഒമ്പത്‌ നേതാക്കളാണ് കോൺഗ്രസ്‌ വിട്ട്‌ പുറത്തുവന്നത്‌.


 



deshabhimani section

Related News

0 comments
Sort by

Home