കണ്ണിൽനോക്കി പറഞ്ഞതെല്ലാം പാഴ്‌വാക്കായിരുന്നോ? വാഗ്‌ദാനം പാലിക്കാതെ പ്രധാനമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:08 PM | 0 min read

കൽപ്പറ്റ > ‘‘വേഗത്തിൽ സുഖമായി എഴുന്നേൽക്കൂ. ഒന്നിനെക്കുറിച്ചും ആശങ്കവേണ്ട –- ഉരുൾപൊട്ടലിൽ നട്ടെല്ല്‌ തകർന്ന്‌ ആശുപത്രിക്കിടക്കയിലായപ്പോൾ പ്രധാനമന്ത്രി അരികിലെത്തി പറഞ്ഞതാണിത്‌. അമ്മ ലീലവതിയെയും രണ്ടരവയസ്സുള്ള മോൻ ശ്രീനിഹാലിനെയും ഉരുൾ കൊണ്ടുപോയി. ഭാര്യ ഝാൻസിക്ക്‌ ഇപ്പോഴും യാഥാർഥ്യം ഉൾക്കൊള്ളാനായിട്ടില്ല. കൗൺസലിങ്ങുണ്ട്‌. പ്രധാനമന്ത്രി കണ്ണിൽ നോക്കി പറഞ്ഞതെല്ലാം പാഴ്‌വാക്കായതിൽ ദുഃഖമുണ്ട്‌ ’’.

കൽപ്പറ്റ -കോക്കുഴിയിൽ വാടക വീട്ടിൽ കഴിയുന്ന അനിൽകുമാറിന്റെ വാക്കുകൾ ആരുടെയും ഹൃദയം അലിയിക്കും. ദുരന്തത്തിന്റെ അനുഭവങ്ങൾ ശബ്ദമിടറി പറയുമ്പോൾ അരികിലിരുന്ന ഝാൻസിയുടെ  കണ്ണുകൾ നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന്‌ മടങ്ങിയിട്ട്‌ നൂറുദിനമായി. ‘‘കൈപിടിച്ചുപറഞ്ഞ ഒരു വാക്കുപോലും പാലിച്ചില്ല. ഹിന്ദി അറിയുന്നതുകൊണ്ട്‌ പ്രധാനമന്ത്രിയോട്‌ വിശദമായി സംസാരിച്ചു. സഹായിക്കുമെന്നും ഒപ്പമുണ്ടാകുമെന്നും പറഞ്ഞതാണ്‌. ഒരു സഹായവും ചെയ്യാത്തതിൽ നിരാശയുണ്ട്‌’’ –--അനിൽകുമാർ തുടർന്നു.

നട്ടെല്ലിന്‌ ബെൽറ്റിട്ട്‌ ചികിത്സയിലാണിപ്പോൾ. അച്ഛൻ ദേവരാജും ഒപ്പമുണ്ട്‌. മകൻ ശ്രീനിഹാലിന്‌ ആറുമാസമായപ്പോൾ ജോലിക്കായി ക്രൊയേഷ്യയിൽ പോയതായിരുന്നു. നാട്ടിൽ തിരിച്ചെത്തി ഒരുമാസത്തിനുള്ളിലായിരുന്നു ഉരുൾപൊട്ടൽ. പുഞ്ചിരിമട്ടത്ത്‌ നിർമിച്ച പുതിയ വീട്ടിലേക്ക്‌ മാറാനാണ്‌ അവധിയെടുത്ത്‌ വന്നത്‌. മുണ്ടക്കൈയിലെ എസ്‌റ്റേറ്റ്‌ ലയത്തിലായിരുന്നു താമസം. വീട്‌ മാറുംമുമ്പേ എല്ലാം നഷ്ടമായി. സമ്പാദ്യം മുഴുവൻ ഉരുൾ കൊണ്ടുപോയി. തിരിച്ചുപോകാനുള്ള കാലാവധി കഴിഞ്ഞതിനാൽ  ജോലി രാജിവച്ചു. തുടർ ചികിത്സയടക്കം പ്രതിസന്ധിയിലാണ്‌. എല്ലാം മനസ്സിലാക്കുകയും നേരിൽ കാണുകയും ചെയ്‌തിട്ടും സഹായിക്കാനാകില്ലെന്ന്‌ പ്രധാനമന്ത്രി പറയുന്നതിന്റെ നീറ്റലിലാണ്‌ അനിൽകുമാറും കുടുംബവും.



deshabhimani section

Related News

View More
0 comments
Sort by

Home