പാലക്കാടും യുഡിഎഫ്‌ ബിജെപി ഡീൽ : എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 01:31 AM | 0 min read


തിരുവനന്തപുരം
പണം മാത്രമല്ല, വോട്ടും കൈമാറുക എന്നതാണ്‌ യുഡിഎഫ്‌– ബിജെപി ഡീലെന്ന്‌ എം വി ഗോവിന്ദൻ. പാലക്കാട്‌, വടകര, തൃശൂർ ഡീൽ വ്യക്തമാകുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. നാലുകോടി രൂപ ഷാഫിക്ക്‌ നൽകിയെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തലും ഈ കൂട്ടുകെട്ടിന്റെ തെളിവാണ്‌. തൃശൂരിൽ കോൺഗ്രസിനു നഷ്ടപ്പെട്ട വോട്ട്‌ ബിജെപിക്കാണ്‌ ലഭിച്ചത്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലെ നിലപാടും ഇതിലേക്കാണ്‌ നയിക്കുന്നത്‌.

കൊടകര കള്ളപ്പണ കേസിൽ കേരള പൊലീസ്‌ ഫലപ്രദമായ അന്വേഷണമാണ്‌ നടത്തിയത്‌. തുടർന്ന്‌ ഇടപെടാൻ സാധിക്കാത്തതിനാൽ കേന്ദ്ര ഏജൻസികൾക്കയച്ചെങ്കിലും ഒരു നിലപാടും സ്വീകരിച്ചില്ല. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ ഹൈക്കോടതിക്കു നൽകിയ ഉറപ്പും പാലിച്ചിട്ടില്ല.  കള്ളപ്പണ ഉപയോഗത്തിൽ ബിജെപിക്ക്‌ ഒട്ടുംപിന്നിലല്ല കോൺഗ്രസ്‌. കോൺഗ്രസിന്റെ ഇത്തരം നിലപാടുകൾക്കെതിരെ വലിയ പ്രതിഷേധവും പൊട്ടിത്തെറിയുമാണ്‌ ആ പാർടിക്കുള്ളിലുണ്ടാകുന്നത്‌. ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുശേഷം ഒമ്പത്‌ പ്രധാന നേതാക്കളാണ്‌ കോൺഗ്രസ്‌ വിട്ടത്‌–- അദ്ദേഹം പറഞ്ഞു.

പാലക്കാട്‌ 
എൽഡിഎഫ്‌ 
പിടിച്ചെടുക്കും
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്‌ സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുക്കും. അവിടെ എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌ മത്സരം. ഇതാണ്‌ യഥാർഥ്യമെന്നിരിക്കെ തെറ്റിദ്ധരിപ്പിച്ച്‌ വോട്ടുനേടാനുള്ള തന്ത്രമാണ്‌ കോൺഗ്രസ്‌ പയറ്റുന്നത്‌.

മുനമ്പം പ്രശ്‌നം 
പരിഹരിക്കും
പരസ്‌പര ചർച്ചയിലൂടെ മുനമ്പം പ്രശ്‌നം പരിഹരിക്കുക എന്ന നിലപാടാണ്‌ സർക്കാരിനും സിപിഐ എമ്മിനുമുള്ളത്‌. കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദം തകർക്കാനാണ്‌ ചിലർ ഇതിന്റെ പേരിൽ ശ്രമിക്കുന്നത്‌.

ആത്മകഥ: പാർടി 
അന്വേഷിക്കേണ്ട 
കാര്യമില്ല
ആത്മകഥയുടെ പേരിൽ കള്ളപ്രചാരവേലയാണ്‌ നടക്കുന്നതെന്ന്‌ ഇ പി ജയരാജൻതന്നെ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം ഡിജിപിക്കു പരാതിയും നൽകി. അന്വേഷണം നല്ലപോലെ നടക്കുന്നു. ഇ പി പറഞ്ഞത്‌ പാർടി വിശ്വസിക്കുന്നു. ഇത്‌ പാർടി അന്വേഷിക്കേണ്ട കാര്യമില്ല. വിഷയത്തിൽ പാർടി ഒരു പ്രതിരോധത്തിലുമല്ല. ഗൂഢാലോചനയുണ്ടെങ്കിൽ അന്വേഷണത്തിലൂടെ പുറത്തുവരും–- അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home