തെരഞ്ഞെടുപ്പ്‌ ദിവസം 
വ്യാജവാർത്ത വന്നത്‌ ഗൂഢാലോചന : ഇ പി ജയരാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 01:25 AM | 0 min read



പാലക്കാട്‌
തെരഞ്ഞെടുപ്പ്‌ ദിവസം ആത്മകഥയുമായി ബന്ധപ്പെട്ട്‌ വ്യാജവാർത്ത വന്നതിനുപിന്നിൽ അതിശക്തമായ ഗൂഢാലോചനയുണ്ടെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. പാലക്കാടും ചേലക്കരയിലുമെല്ലാം എൽഡിഎഫ്‌ ജയിക്കുമെന്ന രാഷ്‌ട്രീയ സാഹചര്യമുണ്ടായപ്പോൾ അതിനെ ഇല്ലായ്‌മ ചെയ്യാനാണ്‌ ശ്രമം. കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്‌ട്രീയമാണിവിടെ കാണുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ദിവസവും ഇതേ രീതിയുണ്ടായി. തികച്ചും അപ്രതീക്ഷിതമായി ബിജെപി നേതാവ്‌ പ്രകാശ്‌ ജാവദേക്കർ ഇങ്ങോട്ടുവന്ന്‌ പരിചയപ്പെട്ടത്‌ ഒന്നര വർഷത്തിനുശേഷം തെരഞ്ഞെടുപ്പ്‌ ദിവസം ചാനലുകൾ വലിയ വാർത്തയാക്കി. ഇതുരണ്ടും ഗൂഢാലോചനയുടെ ഭാഗമാണ്‌–- ഇ പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘‘ആത്മകഥയുടെ ഭാഗങ്ങളെന്ന രീതിയിൽ പ്രചരിക്കുന്നതൊന്നും ഞാൻ എഴുതിയതല്ല. ആത്മകഥ പൂർത്തിയായിട്ടില്ല. വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ എത്രയുംവേഗം പൂർത്തിയാക്കി പ്രസിദ്ധീകരിക്കും. സ്വയമാണ്‌ എഴുതുന്നത്‌. കൂലിക്ക്‌ എഴുതിക്കാറില്ല. ആമുഖമോ മുഖവുരയോ ഒന്നുമില്ലാതെയാണോ പുസ്‌തകം പ്രസിദ്ധീകരിക്കുക. സ്വയം പരിഹസിക്കുന്ന പേര്‌ പുസ്‌തകത്തിന്‌ ഇടുമോ. പുസ്‌തകം പ്രസിദ്ധീകരിക്കാൻ ഡിസി ബുക്ക്‌സിനെ ഏൽപ്പിച്ചിട്ടില്ല. അവർക്ക്‌ വക്കീൽ നോട്ടീസ്‌ അയച്ചു. ഡിജിപിക്കും പരാതി നൽകി.

ബിജെപിയിലെ തമ്മിലടി കാരണം കെ സുരേന്ദ്രന്‌ പാലക്കാട്‌ നഗരത്തിൽ ഇറങ്ങിനടക്കാനാകില്ല. അടി എവിടെനിന്നും കിട്ടാം. കോൺഗ്രസിലും വലിയ തമ്മിലടി നടക്കുന്നു. മുരളീധരനടക്കം അസംതൃപ്‌തിയിലാണ്‌. എന്നെ കോൺഗ്രസിലേക്ക്‌ ക്ഷണിച്ച എം എം ഹസന്‌  മാനസികരോഗമാണ്‌. വോട്ട്‌ വാങ്ങാൻ കോൺഗ്രസ്‌ കള്ളപ്പണവുമായി നടക്കുന്നു. വ്യാജ ഐഡി കാർഡുപയോഗിച്ച്‌ കള്ളവോട്ട്‌ ചേർത്തിട്ടുണ്ട്‌. പാലക്കാട്‌ ഒരു കള്ളവോട്ടും ചെയ്യാൻ അനുവദിക്കില്ല’’–- ഇ പി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവും ഒപ്പമുണ്ടായി.

സരിൻ മികച്ച സ്ഥാനാർഥി

ഡോ. പി സരിൻ പാലക്കാടിന്‌ കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയാണെന്ന്‌ ഇ പി പറഞ്ഞു. വിശ്വസിച്ച രാഷ്‌ട്രീയത്തിൽനിന്ന്‌ നീതി ലഭിക്കാത്തതിനാലാണ്‌ ഇടതുപക്ഷത്തിനൊപ്പമെത്തിയത്‌. ജനങ്ങളുടെ വേദനകൾ അറിഞ്ഞ്‌ ആശ്വാസമേകാനും പുതിയ പാലക്കാടിനെ സൃഷ്ടിക്കാനും സരിന്‌ സാധിക്കുമെന്നും ഇ പി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home