കോട്ട തകർത്ത്‌ മലപ്പുറം ; സംസ്ഥാന സ്‌കൂൾ കായികമേള കൊടിയിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 01:50 AM | 0 min read


കൊച്ചി
സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിൽ ആദ്യമായി മലപ്പുറം കിരീടം ചൂടി. ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആധിപത്യമുറപ്പിച്ചാണ്‌ മലപ്പുറം കൗമാര കായിക കിരീടത്തിൽ മുത്തമിട്ടത്‌. 22 സ്വർണവും 32 വെള്ളിയും 24 വെങ്കലവും നേടി 247 പോയിന്റോടെയായിരുന്നു കുതിപ്പ്‌. തുടർച്ചയായ നാലാംകിരീടം ലക്ഷ്യമിട്ട്‌ എത്തിയ പാലക്കാട്‌ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവും അടക്കം 213 പോയിന്റാണ്‌  നേടിയത്‌. എറണാകുളം (73) മൂന്നാമതും കോഴിക്കോട്‌ (72) നാലാമതുമായി.

മികച്ച സ്‌കൂളിനുള്ള കിരീടം തുടർച്ചയായി മൂന്നാംതവണയും മലപ്പുറം ഐഡിയൽ കടശേരി ഇഎച്ച്‌എസ്‌എസ്‌ സ്വന്തമാക്കി. എട്ട്‌ സ്വർണവും 11 വെള്ളിയും ഏഴ്‌ വെങ്കലവുമടക്കം 80 പോയിന്റാണ്‌ ഐഡിയലിന്റെ നേട്ടം. എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടിൽ നടന്ന മീറ്റിൽ ഒമ്പത്‌ മീറ്റ്‌ റെക്കോഡുകൾ പിറന്നു.
ഒളിമ്പിക്‌സ്‌ മാതൃകയിൽ നടന്ന കേരള സ്‌കൂൾ കായികമേളയിലെ ഓവറോൾ കിരീടം തിരുവനന്തപുരം സ്വന്തമാക്കി (1935 പോയിന്റ്‌). ഗെയിംസിലും അക്വാട്ടിക്‌സിലും മേധാവിത്തം പുലർത്തിയാണ്‌ തലസ്ഥാനജില്ലയുടെ  നേട്ടം. തൃശൂർ (848) രണ്ടാമതും മലപ്പുറം (824)  മൂന്നാമതുമായി. ഓവറോൾ ജേതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ എവർറോളിങ്‌ ട്രോഫി പിണറായി വിജയൻ സമ്മാനിച്ചു. സമാപനച്ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മികച്ച സ്‌കൂൾ പട്ടികയിൽ രണ്ടാംസ്ഥാനക്കാരായി സ്‌പോർട്‌സ്‌ സ്‌കൂളിനെ ഉൾപ്പെടുത്തിയതിൽ കുട്ടികൾ പ്രതിഷേധിച്ചു. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച കായികമേളയിൽ ജനറൽ സ്കൂൾ, സ്‌പോർട്‌സ്‌ സ്‌കൂൾ വേർതിരിവ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home