പാലക്കാട്‌ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ ; സതീശനെ തള്ളി മുരളീധരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 11:46 PM | 0 min read


പാലക്കാട്‌
പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിലാണ്‌ മത്സരമെന്നുപറഞ്ഞ്‌ ബിജെപിക്ക്‌ കളമൊരുക്കാൻ ശ്രമിച്ച വി ഡി സതീശൻ–- ഷാഫി കൂട്ടുകെട്ടിനെ തള്ളി കെ മുരളീധരൻ. പാലക്കാട്ട്‌ എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌ പ്രധാനമത്സരമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുമെന്നുമാണ്‌ മുരളീധരന്റെ പ്രഖ്യാപനം. 

പാർടിയെ ഹൈജാക്ക്‌ ചെയ്ത സതീശൻ–- ഷാഫി കൂട്ടുകെട്ടിൽ നീരസമുള്ളതുകൊണ്ടാണ്‌ പാലക്കാട്ടേക്ക്‌ പ്രചാരണത്തിനില്ലെന്ന്‌ കെ മുരളീധരൻ നിലപാടെടുത്തത്‌.  കോൺഗ്രസ്‌–- ബിജെപി ധാരണയുടെ ഭാഗമായി നേരത്തേ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലും മുരളിക്ക്‌ അതൃപ്തിയുണ്ട്‌. എഐസിസി നേതാക്കൾ ആവശ്യപ്പെട്ടതിനാലാണ്‌ പ്രചാരണത്തിനെത്തിയതെന്ന്‌ പറഞ്ഞ മുരളീധരൻ സ്ഥാനാർഥിക്കല്ല, മുന്നണിക്കാണ്‌ വോട്ട്‌ തേടുന്നതെന്നും പൊതുയോഗത്തിൽ പ്രസംഗിച്ചു. തന്റെ കുടുംബത്തെ അപമാനിച്ച യുഡിഎഫ്‌ സ്ഥാനാർഥിയുടെ പേര്‌ പരാമർശിക്കാതിരിക്കാനും ശ്രദ്ധിച്ചു.

സരിൻ മിടുക്കനാണെന്ന്‌ പറഞ്ഞതിലൂടെ പാർടിയിൽനിന്ന്‌ വിട്ടുപോകുന്നത്‌ പുഴുക്കളാണെന്ന സതീശൻ–- ഷാഫി നിലപാടിനെ പരസ്യമായി തള്ളി. പാലക്കാട്‌ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന്‌ തിങ്കളാഴ്ചയും മുരളീധരൻ ആവർത്തിച്ചു.  ഇത്‌ ഉച്ചയ്‌ക്കുശേഷം കോഴിക്കോട്‌ നടത്തിയ വാർത്തസമ്മേളനത്തിൽ വി ഡി സതീശൻ തള്ളി.


 



deshabhimani section

Related News

View More
0 comments
Sort by

Home