നാണക്കേടായി പെട്ടിനാടകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 10:17 PM | 0 min read

തിരുവനന്തപുരം
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ഒഴുക്കാൻ കള്ളപ്പണമെത്തിച്ച വിവരം പുറംലോകമറിഞ്ഞത്‌ നാണക്കേടായെന്ന്‌ കോൺഗ്രസ്‌ വിലയിരുത്തൽ. നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ സംഘർഷമുണ്ടാക്കി തടഞ്ഞതും സ്ഥലത്തുണ്ടായിരുന്ന സ്ഥാനാർഥി കോഴിക്കോട്ടേയ്‌ക്ക്‌ മുങ്ങിയതും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ്‌ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കുള്ളത്‌. പണം കൊണ്ടുവന്നത്‌ പ്രതിപക്ഷ നേതാവിന്റെ കാറിലാണെന്ന ആരോപണം അടക്കമുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിനപ്പുറവും വേട്ടയാടുമെന്ന വിലയിരുത്താലാണ്‌ പാർടിക്കുള്ളിലുള്ളത്‌.

നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പൊലീസ്‌ നടത്തിയ പരിശോധന പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലാണ്‌ തടഞ്ഞത്‌. വനിതാ നേതാക്കളുടെ മുറി പരിശോധിക്കാൻ ശ്രമിച്ചെന്നും പണമൊന്നും കിട്ടിയില്ലെന്നുമായിരുന്നു ബുധനാഴ്‌ച രാവിലെ മുതൽ കോൺഗ്രസിന്റെ വാദം. സ്ത്രീകളുടെ മുറിയിൽ വനിതാ പൊലീസില്ലാതെ പരിശോധന നടത്തിയെന്ന്‌  സ്ഥാപിക്കാൻ മാത്രം ശ്രമിച്ചിരുന്നെങ്കിൽ പൊതുവികാരം തങ്ങൾക്ക്‌ അനുകൂലമാകുമായിരുന്നു. ഇതിന്‌ മിനക്കെടാതെ യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്തുണ്ടായിരുന്നില്ലെന്ന്‌ വരുത്തിതീർക്കാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ പറയുന്നു.

സ്ഥാനാർഥിയുടെ ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവന്നതും പല കാറുകൾ മാറിക്കയറി എന്ന വാദവുമെല്ലാം സ്ഥാനാർഥിയെ സംശയനിഴലിലാക്കി. തലയൂരാൻ നിരത്തിയ വാദങ്ങൾ കൂടുതൽ സംശയത്തിനിടയാക്കിയെന്ന പൊതുവികാരമാണ്‌ പാർടിക്കകത്തുള്ളത്‌.

വ്യാജ തിരിച്ചറിയൽ കാർഡ്‌ കേസിൽ പ്രതിസ്ഥാനത്തുള്ള  രാഹുലിനെ പാലക്കാട്‌ സ്ഥാനാർഥിയാക്കുന്നതിനെ മുതിർന്ന നേതാക്കൾ ഭൂരിഭാഗവും എതിർത്തിരുന്നു. കെപിസിസി പ്രസിഡന്റടക്കമുള്ളവരുടെ എതിർപ്പ്‌ മറികടന്നായിരുന്നു വി ഡി സതീശനും ഷാഫി പറമ്പിലും പ്രത്യേക താൽപര്യമെടുത്ത്‌ രാഹുലിനെ സ്ഥാനാർഥിയാക്കിയത്‌. വ്യാജ തെരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡ്‌ കേസിൽ മുഖം നഷ്ടമായ രാഹുലിനെ ആളുകൾ സ്വീകരിക്കില്ലെന്നായിരുന്നു സ്ഥാനാർഥിത്വത്തെ എതിർത്തവർ വാദിച്ചത്‌. ഇതിനുപുറമെ  സ്യൂട്ട്‌കേസ്‌ രാഷ്ട്രീയത്തിന്റെ പുതുതലമുറ വക്താവെന്നപേരുകൂടി രാഹുൽ സമ്പാദിച്ചു. ഇത്‌ പാർടിക്കാകെ ദോഷമാകുമെന്നും എളുപ്പത്തിൽ കഴുകിക്കളയാൻ കഴിയാത്ത കറയായി നിലനിൽക്കുമെന്ന വിലയിരുത്തലും നേതാക്കൾക്കിടയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home