അരകിലോമീറ്ററിനുള്ളിൽ 
3 വാഹനം: ദുരൂഹതയേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 10:13 PM | 0 min read

പാലക്കാട്‌
കള്ളപ്പണം എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കെപിഎം റീജൻസിയിൽ പൊലീസ്‌ പരിശോധന നടത്തുന്നതിന്‌ ഒരു മണിക്കൂർ മുമ്പ്‌ യുഡിഎഫ്‌ സ്ഥാനാർഥി മൂന്ന്‌ വാഹനങ്ങൾ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിൽ ദുരൂഹതയേറുന്നു. പാലക്കാട്‌ നഗരത്തെക്കുറിച്ച്‌ അറിയുന്നവർ ഈ വാദം വിശ്വസിക്കില്ലെന്നുറപ്പ്‌.

കെപിഎം റീജൻസിയിൽനിന്ന്‌ പാലക്കാട്‌ പ്രസ്‌ക്ലബ്ബിലേക്ക്‌ ഒരു മതിലിന്റെ അകലം മാത്രമേയുള്ളൂ. ഹോട്ടലിൽനിന്ന്‌ പുറപ്പെടുമ്പോൾ ബാഗ്‌ വച്ചിരുന്ന വാഹനത്തിലല്ല രാഹുൽ  കയറിയതെന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, താൻ ഹോട്ടലിന്‌ പുറത്തുകടന്നയുടൻ ഷാഫിയുടെ വാഹനത്തിൽനിന്നിറങ്ങി സ്വന്തം വാഹനത്തിൽ കയറിയെന്ന്‌ വാദിച്ചു. അൽപ്പദൂരം പിന്നിട്ടശേഷം ഐഎംഎ ജങ്‌ഷനുസമീപം കെ ആർ ടവറിനു മുന്നിൽവച്ച്‌ മറ്റൊരു വാഹനത്തിൽ കയറിയെന്നും അതിലാണ്‌ കോഴിക്കോട്ട്‌ പോയതെന്നും പറഞ്ഞു.

കെപിഎം റീജൻസിയിൽനിന്ന്‌ കെ ആർ ടവറിലേക്ക്‌ 500 മീറ്റർ ദൂരമേയുള്ളൂ. ഈ ദൂരത്തിനിടയിൽ മൂന്ന്‌ വാഹനത്തിൽ സ്ഥാനാർഥി കയറിയെന്ന വാദം മറ്റെന്തോ മറയ്‌ക്കാനാണെന്നാണ്‌ സംശയം. റെയ്‌ഡ്‌ നടക്കുന്ന ദിവസം താൻ പാലക്കാട്ടില്ല എന്ന്‌ പറഞ്ഞ രാഹുൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മലക്കം മറിഞ്ഞു.

കള്ളപ്പണം വന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്‌ ശേഖരിച്ചിരുന്നു. ഇതിലാണ്‌ സ്ഥാനാർഥി പറഞ്ഞതെല്ലാം കളവാണെന്ന്‌ ബോധ്യമായത്‌. പൊലീസ്‌ പരിശോധന നടക്കുന്ന രാത്രി മൂന്നുവാഹനങ്ങൾ മാറിക്കയറിയെന്നതും പൊളിയുമെന്നായപ്പോൾ, സമീപത്തെ സ്ഥാപന ഉടമകളോട്‌ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‌ നൽകരുതെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകർ ഭീഷണിപ്പെടുത്തി.

തനിക്കൊപ്പം ഫെനി നൈനാൻ ഉണ്ടായിരുന്നില്ലെന്ന്‌ രാഹുൽ ആദ്യം പറഞ്ഞു. പരിശോധന നടക്കുന്നദിവസം സ്ഥലത്തില്ലെന്ന്‌ പറഞ്ഞു. നീല ട്രോളി ബാഗ്‌ ഇല്ലെന്ന്‌ പറഞ്ഞു. ഈ കളവെല്ലാം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഒന്നൊന്നായി മാറ്റിപ്പറഞ്ഞും പുതിയ കള്ളങ്ങൾ പറഞ്ഞും തടിയൂരാൻ ശ്രമിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home