മൺമറഞ്ഞിട്ടും ‘മാക്സിമാമ’ ജ്വലിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 12:15 AM | 0 min read


കടയ്ക്കൽ
നവംബർ എട്ട് നോട്ട് നിരോധനത്തിന്റെ എട്ടാണ്ട് എന്നതു മാത്രമല്ല മരണംവരെയും ജീവിതം സമരമാക്കിയ ഒരു വയോധികന്റെ ജ്വലിക്കുന്ന പ്രതിരോധത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുമാണ്‌. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ എതിർസ്വരങ്ങളിൽ ശ്രദ്ധേയമായ ഒന്ന് കടയ്ക്കൽ സ്വദേശി യഹിയയുടേതായിരുന്നു. പണമായി സൂക്ഷിച്ച 23,000 രൂപ നേരമിരുട്ടി വെളുത്തപ്പോൾ മൂല്യമില്ലാതായിപ്പോയതിന്റെ രോഷത്തിലും നിസ്സഹായതയിലും എഴുപതുകാരനായ ചായക്കടക്കാരൻ നോട്ടുകളത്രയും കത്തിച്ചും പാതി മീശയും പാതി മുടിയും വടിച്ചും ​വേറിട്ട പ്രതിഷേധം തീർക്കുകയായിരുന്നു. പ്രധാനമന്ത്രി രാജിവയ്‌ക്കുംവരെ മീശ വയ്‌ക്കില്ലെന്ന് പ്രഖ്യാപിച്ച യഹിയ മാധ്യമ ശ്രദ്ധ നേടി.

‘മാക്സി മാമ’ എന്ന്‌ അറിയപ്പെട്ടിരുന്ന യഹിയ മരണംവരെ സമരംചെയ്തു. കൈയിലുണ്ടായിരുന്ന 23,000 രൂപയിൽ മുഴുവനും 1000 രൂപ നോട്ടുകളായിരുന്നു.  മാറ്റിവാങ്ങാൻ ബാങ്കിനുമുന്നിൽ രണ്ടുദിവസം ക്യൂ നിന്നു. ക്യൂവിൽ അവശതകൊണ്ട് ബോധംകെട്ട് വീണു. ആശുപത്രിയിൽനിന്ന്‌ തിരിച്ചെത്തിയാണ്​ നോട്ടുകൾ കത്തിച്ചത്​. രാജ്യത്തിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലൊടിച്ച, ദീർഘവീക്ഷണമില്ലാത്ത നോട്ട്‌ നിരോധനം ഇന്നും സാധാരണക്കാരന്റെ ജീവിതത്തെ പൊള്ളിക്കുന്നു.
തട്ടുകട ജീവിതം അവസാനിപ്പിച്ച യഹിയ മുക്കുന്നത്ത് പണ്ട് കാര്യസ്ഥനായിരുന്ന വീടിന്റെ സിറ്റൗട്ടിലായിരുന്നു ഉറങ്ങിയിരുന്നത്​. ആരോ​ഗ്യം മോശമായതിനെത്തുടർന്ന് മകളുടെ വീട്ടിലേക്കു മാറി. ഇവിടെവച്ച് മൂന്നുകൊല്ലം മുമ്പായിരുന്നു മരണം.

മാക്‌സിയായിരുന്നു യഹിയയുടെ വസ്ത്രം. മുണ്ടിന്റെ മടക്കിക്കുത്തഴിച്ച് ബഹുമാനിച്ചില്ല എന്നപേരിൽ ദുരഭിമാനിയായ ഇൻസ്‌പെക്ടർ മുഖത്തടിച്ചതോടെയാണ് മടക്കിക്കുത്തഴിച്ച് ബഹുമാനിക്കില്ലെന്ന തീരുമാനത്തിൽ മാക്‌സി ധരിക്കാൻ തുടങ്ങിയത്. ജീവിതം സമരമാക്കിയ യഹിയയുടെ ജീവിതം ‘ഒരു ചായക്കടക്കാരന്റെ മൻ കി ബാത്’ എന്ന പേരിൽ ഡോക്യുമെന്ററി ആക്കിയതോടെയാണ് ഇദ്ദേഹം ദേശീയ ശ്രദ്ധയിലെത്തിയത്. മരിക്കുംവരെ ആർക്കുമുന്നിലും തലകുനിക്കില്ലെന്ന ദൃഢനിശ്ചയം പാലിക്കാൻ സ്വന്തം ശരീരം സമരമാക്കിയ മനുഷ്യനു കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home