പാലക്കാട് കള്ളപ്പണം: തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:45 AM | 0 min read

പാലക്കാട് > പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട്‌ ജില്ല കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണം എന്നാണ് നിർദ്ദേശത്തിൽ ഉള്ളത്. സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 12നാണ് പാലക്കാട്‌ നഗരമധ്യത്തിലെ കെപിഎം റീജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്.  ഒരു തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ ഹോട്ടലിലേക്ക് വന്‍തോതില്‍ പണം എത്തിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.

സിപിഐ എം നേതാക്കളുടെയും ബിന്ദു കൃഷ്ണ അടക്കമുള്ള കോൺ​ഗ്രസുകാരുടെയും മുറി പരിശോധിച്ച ശേഷം ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പരിശോധന നടത്താൻ പൊലീസ് എത്തിയപ്പോഴായിരുന്നു കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും ഷാനിമോൾ ഉസ്മാൻ മുറി തുറന്നില്ല. വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം ഉന്നയിച്ചായിരുന്നു ആദ്യം മുറി തുറക്കാതിരുന്നത്. പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമിച്ചു. ഇതിനുശേഷം കോൺഗ്രസുകാർ സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിനെല്ലാം ശേഷമാണ് ഷാനിമോൾ ഉസ്മാൻ തന്റെ മുറി പരിശോധിക്കാൻ പൊലീസിനെ അനുവദിച്ചത്.

ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ട് വന്നു എന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്ന സിസിടിവി ദൃശ്യങ്ങള്‍ വാർത്താ ചാനലുകൾ പുറത്തു വിട്ടിട്ടുണ്ട്. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ദൃശ്യങ്ങളിൽ രാഹുലും ഉണ്ട്. എംപിമാരായ ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍ എന്നവരും  ജ്യോതികുമാര്‍ ചാമക്കാലയും കെപിഎം ഹോട്ടലിലേക്ക് കയറുന്നതടക്കം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പൊലീസ്‌ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഇവർ ഹോട്ടലിൽനിന്ന് പുറത്തേക്കുപോയത്‌. പിന്നീട്‌ 1.20ന്‌ ഇവർ തിരിച്ചെത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home