ഹണിട്രാപ്പ്: വ്യാപാരിയില്‍നിന്ന് 2.5 കോടി 
തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 02:20 AM | 0 min read


തൃശൂര്‍
ഹണിട്രാപ്പിലൂടെ തൃശൂരിലെ വ്യാപാരിയില്‍നിന്ന്‌ 2.5 കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. കരുനാ​ഗപ്പള്ളി കൊല്ലക ഒറ്റയില്‍പടിറ്റതില്‍ വീട്ടില്‍ ഷെമി (38),  അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അങ്കമാലിയില്‍ നിന്ന്‌ പിടികൂടിയത്‌.  തട്ടിയെടുത്ത പണം ഉപയോ​ഗിച്ച്  പ്രതികൾ വാങ്ങിയ 82 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

2020ല്‍ വാട്സാപ്പിലൂടെയാണ് വ്യാപാരിയും ഷെമിയും പരിചയപ്പെടുന്നത്. എറണാകുളത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയെന്നാണ് ഷെമി  പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസിനും മറ്റാവശ്യങ്ങള്‍ക്കുമായി  പണം കടം വാങ്ങി. പിന്നീട് ലൈം​ഗികച്ചുവയുള്ള ചാറ്റുകളും വീഡിയോ കോളുകളും നടത്തി.  ഈ ചാറ്റുകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ്‌  പണം തട്ടാന്‍ തുടങ്ങിയത്‌.  2.5 കോടിയോളം രൂപ ഷെമി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വ്യാപാരി കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ  നവംബർ ഒന്നിന്‌ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

പൊലീസ്‌ രണ്ട് സംഘങ്ങളായി തിരിഞ്ഞ്‌ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. സൈബര്‍ തെളിവുകളും ശേഖരിച്ചു.  കൊല്ലത്ത് അഷ്ടമുടിമുക്കില്‍ ആഡംബര ജീവിതം നയിക്കുന്ന ദമ്പതികളാണെന്ന്  കണ്ടെത്തി.  പൊലീസ് അന്വേഷിക്കുന്നതറിഞ്ഞതോടെ ഇവര്‍ വയനാട്ടിലേക്ക് കടന്നു. പൊലീസെത്തിയപ്പോള്‍ അവിടെ നിന്നും മുങ്ങിയെങ്കിലും ചൊവ്വാഴ്‌ച അങ്കമാലിയിൽനിന്ന്‌ പിടികൂടി. ഇന്നോവ, ടയോട്ട ​ഗ്ലാന്‍സ കാറുകളും മഹീന്ദ്ര, മേജര്‍ ജീപ്പുകളും ബുള്ളറ്റുമാണ്‌ ആഭരണങ്ങൾക്കൊപ്പം പൊലീസ് കണ്ടെടുത്തത്‌.   പ്രതികളെ  റിമാന്‍ഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home