സ്വകാര്യ ബസുകളുടെ സർവ്വീസ് അനുമതി 140 കിലോ മീറ്ററായി നിജപ്പെടുത്തിയത് ഹൈക്കോടതി റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 12:44 PM | 0 min read

കെച്ചി> സ്വകാര്യ ബസുകള്‍ക്ക് അനുവദിക്കാവുന്ന പരമാവധി സർവ്വീസ് ദൈർഘ്യം 140 കിലോമീറ്ററായി നിശ്ചയിച്ച മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ നിയന്ത്രണം നിയമപരമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റ് അനുവദിച്ചിരുന്നത് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെയും നിലപാട്. 2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്.

റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് 2022 ഒക്ടോബറില്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. യാത്രാക്ലേശം പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടി നൽകി. സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കി. ഇതിന്റെ കാലാവധി അവസാനിച്ച മുറയ്ക്കാണ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത്.

പെര്‍മിറ്റ് കാലാവധി അവസാനിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പാടില്ലെന്ന് നോട്ടിഫിക്കേഷന്‍ നല്‍കി. ഇതിനെതിരേ ചില ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് താത്കാലിക സ്റ്റേ വാങ്ങിയിരുന്നു. ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു.

സ്വകാര്യബസുകള്‍ ഓടുന്ന റൂട്ടുകളില്‍ 2023 മാര്‍ച്ച് മുതല്‍ കെ.എസ്.ആര്‍.ടി.സി. 260-ല്‍ അധികം സര്‍വീസുകള്‍ ഓടിച്ചിരുന്നു. ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള 'ഫ്ലീറ്റ് ഓണര്‍' പദവി സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.ക്കുമാത്രമാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home