ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 11:26 PM | 0 min read


കൊച്ചി
കായിക കൗമാരം ഉണർന്നു. ഇനി  കേൾക്കാം ഒരുമയുടെ സംഗീതം. ഒളിമ്പിക്‌സ്‌ മാതൃകയിൽ സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക്‌ പ്രൗഢോജ്വല തുടക്കം. ഗെയിംസ്‌ ഇനങ്ങളും അത്‌ലറ്റിക്‌സും ഒറ്റവേദിയിൽ അരങ്ങേറുന്ന ആദ്യമേള. കൊച്ചിയിൽ ഇനി ഒരാഴ്‌ച ‘സ്‌കൂൾ ഒളിമ്പിക്‌സി’ന്റെ തിരയിളക്കം. മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മേള ഉദ്‌ഘാടനം ചെയ്‌തു. മന്ത്രിയും മേളയുടെ ബ്രാൻഡ്‌ അംബാസഡർ ഒളിമ്പ്യൻ പി ആർ ശ്രീജേഷും ഫോർട്ടുകൊച്ചി വെളി ഇഎംജിഎച്ച്‌എസ്‌ ആറാംക്ലാസ്‌ വിദ്യാർഥിയായ ഭിന്നശേഷി താരം ശ്രീലക്ഷ്‌മിയും ചേർന്ന്‌ ദീപംതെളിച്ചു. സംസ്‌കാരിക സമ്മേളനം നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്‌തു.

ഗെയിംസ്‌ മത്സരങ്ങൾക്ക്‌ ചൊവ്വാഴ്ച തുടക്കമാകും. ജില്ലയിലെ 17 വേദികളിലാണ്‌ മത്സരം. ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കായികമേളയും നടക്കും. അത്‌ലറ്റിക്‌സ്‌, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, ബാഡ്‌മിന്റൺ മത്സരങ്ങളാണ്‌ പ്രത്യേക കായികമേളയിലുള്ളത്‌.  ചരിത്രത്തിലാദ്യമായി, പ്രവാസികളായ 50 കായികതാരങ്ങൾ മാറ്റുരയ്‌ക്കും. ഗെയിംസും അത്‌ലറ്റിക്‌സും ഉൾപ്പെടെ ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ എവർറോളിങ്‌ ട്രോഫിയുണ്ട്‌.

സംസ്‌കാരിക പരിപാടികൾ മേളയുടെ ഉദ്‌ഘാടനച്ചടങ്ങിന്‌ കൊഴുപ്പേകി. ഘോഷയാത്ര കൊച്ചിയുടെ സന്ധ്യക്ക്‌ നിറംപകർന്നു. ബാൻഡ്‌ മാർച്ച്‌, മാസ്‌ഡ്രിൽ, സുംബ, അത്തച്ചമയം, കൊച്ചിൻ കാർണിവൽ മാതൃകയിൽ സാംസ്‌കാരിക പരിപാടി എന്നിവയുമുണ്ടായി. അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ ഏഴുമുതൽ 11 വരെ മഹാരാജാസ്‌ സ്റ്റേഡിയത്തിലെ പുതിയ സിന്തറ്റിക്‌ ട്രാക്കിലാണ്‌. 11ന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home