ബിജെപി പുകയുന്നു; 
ഒറ്റപ്പെട്ട്‌ സുരേന്ദ്രൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 02:34 AM | 0 min read

തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പദവിയിൽ ഒരുവട്ടംകൂടി തുടരാനുള്ള കെ സുരേന്ദ്രന്റെ നീക്കം തടയാൻ പുതിയ ആയുധങ്ങൾ ലഭിച്ച സന്തോഷത്തിൽ എതിർവിഭാഗം. സുരേന്ദ്രൻ ഉൾപ്പെട്ട കേസുകളിലെ പുതിയ വെളിപ്പെടുത്തലും തിരിച്ചടികളും അവർക്ക്‌ ഊർജം പകർന്നിരിക്കുകയാണ്‌.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസിൽ ഹൈക്കോടതിയിൽനിന്നേറ്റ തിരിച്ചടി, കൊടകര കുഴൽപ്പണക്കേസിലെ മുൻ ഓഫീസ്‌ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ, സന്ദീപ്‌ വാര്യരുടെ പരാതി തുടങ്ങി ഒന്നിനുപിറകേ ഒന്നായി വന്നതോടെ സുരേന്ദ്രൻ പാർടിയിൽ ഒറ്റപ്പെട്ടു. ഒപ്പം നിൽക്കുന്ന നേതാക്കൾ പോലും അദ്ദേഹത്തെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ല. ‘സംസ്ഥാന പ്രസിഡന്റ്‌ തെറ്റുചെയ്യില്ല, അദ്ദേഹത്തിന്‌ പങ്കില്ല’ എന്നുപറയാൻ വി മുരളീധരൻപോലും തയ്യാറാകാത്തത്‌ അണികളെയും ചിന്തിപ്പിക്കുന്നുണ്ട്‌. പി കെ കൃഷ്‌ണദാസ്‌ പക്ഷമാകട്ടേ എല്ലാം കണ്ടുംകേട്ടും മൗനത്തിലാണ്‌.

നവംബർ, ഡിസംബർ മാസങ്ങളിൽ ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ അഖിലേന്ത്യാ പ്രസിഡന്റിനെയും സംസ്ഥാന പ്രസിഡന്റുമാരെയും ഉടൻ നിയോഗിച്ചേക്കും. അഞ്ചുവർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രൻ ഒരുവട്ടംകൂടി തുടരാനുള്ള നീക്കത്തിലാണ്‌. എന്തുവിലകൊടുത്തും അതിന്‌ തടയിടാനാണ്‌ എതിർവിഭാഗത്തിന്റെ ശ്രമം. പ്രസിഡന്റ്‌ ആകാൻ തനിക്ക്‌ യോഗ്യതയുണ്ടെന്ന്‌ ശോഭ സുരേന്ദ്രനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌.

എന്നാൽ എന്തൊക്കെ കൊണ്ടുവന്നാലും തന്നെ വീഴ്‌ത്താനാകില്ലെന്നാണ്‌ സുരേന്ദ്രന്റെ പ്രഖ്യാപനം. തന്നോടൊപ്പം അധികാരമേറ്റ 22 സംസ്ഥാന പ്രസിഡന്റുമാരിൽ താൻ മാത്രമാണ്‌ അഞ്ചുവർഷം പൂർത്തിയാക്കിയതെന്നും ആർക്കും വീഴ്‌ത്താനായില്ലെന്നുമാണ്‌ സുരേന്ദ്രന്റെ വെല്ലുവിളി. കുമ്മനം രാജശേഖരൻ, പി എസ്‌ ശ്രീധരൻപിള്ള എന്നിവർ പോലും വീണിട്ടും താൻ വീണില്ലെന്ന്‌ എതിർവിഭാഗത്തെ ഓർമിപ്പിക്കുകയും ചെയ്‌തു.

എം ടി രമേശിനെയാണ്‌ കൃഷ്‌ണദാസ്‌ പക്ഷം സംസ്ഥാന പ്രസിഡന്റായി ഉയർത്തിക്കാട്ടുന്നത്‌. സുരേന്ദ്രനേക്കാളും മുതിർന്ന നേതാവായിട്ടും രമേശിനെ അവഗണിക്കുന്നതിലുള്ള അമർഷം അവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home