നൂതന ചികിത്സ: തൃശൂർ മെഡിക്കൽ കോളേജിൽ അട്ടപ്പാടിയിലെ നവജാത ശിശുവിന് പുതുജന്മം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 07:57 PM | 0 min read

തൃശൂർ> പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിനെ നൂതന ചികിത്സയിലൂടെ രക്ഷിച്ചെടുത്ത് തൃശൂർ മെഡിക്കൽ കോളേജ്. ഗർഭാവസ്ഥയിൽ ഹൃദയയമിടിപ്പിന് വ്യതിയാനം കണ്ടതിനാൽ ജനന തീയതിയ്ക്ക് മുൻപേ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കേണ്ടി വന്ന കുഞ്ഞിനാണ് രക്ഷിച്ചത്. നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ ആധുനിക എച്ച്എഫ്ഒവി വെന്റിലേറ്റർ സൗകര്യവും ലക്ഷങ്ങൾ ചിലവ് വരുന്ന ഇൻഹേൽഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയും ലഭ്യമാക്കിയാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. വിദഗ്ധ ചികിത്സ നൽകി കുഞ്ഞിന്റെ ജീവൻ രക്ഷിച്ച മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശ്വാസതടസം അനുഭവപ്പെട്ടതിനാൽ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും സ്ഥിതി സങ്കീർണമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. ഉടൻ തന്നെ കുഞ്ഞിനെ നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. രണ്ട് ശ്വാസകോശങ്ങളിലും ട്യൂബ് ഇട്ടാണ് വിദഗ്ധ പരിചരണമൊരുക്കിയത്. എസ്എൻസിയുവിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മൂന്നാഴ്ചയിലേറെ നീണ്ട തീവ്രപരിചരണത്തിലൂടെയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താനായത്. പൂർണ ആരോഗ്യവാനായ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.

രാജ്യത്ത് തന്നെ ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. പ്രസവം നടക്കുന്ന ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കി വരുന്നു. 11 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. ജന്മനായുള്ള കുഞ്ഞുങ്ങളുടെ ഹൃദ്രോഗം പരിഹരിക്കുന്നതിന് ഹൃദ്യം, കുട്ടികളുടെ ചികിത്സയ്ക്കായുള്ള ആരോഗ്യ കിരണം, ശലഭം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ജനന സമയത്തുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായുള്ള സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളുടെ അവസ്ഥ മനസിലാക്കി തുടർ ചികിത്സ ഉറപ്പാക്കാൻ ഫീറ്റൽ മെഡിസിൻ വിഭാഗവും ആരംഭിച്ചു.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. രാധിക, ആർഎംഒ ഡോ. ഷാജി അബു, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അജിത് കുമാർ, നിയോനേറ്റോളജിസ്റ്റ് ഡോ. ഫെബി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ഏകോപിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home