അശ്വിനികുമാർ വധം ; ഒരാൾ കുറ്റക്കാരൻ, 
13 പേരെ വെറുതെവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:22 AM | 0 min read


തലശേരി
ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്ന ഇരിട്ടി പുന്നാട്ടെ അശ്വിനികുമാറിനെ (27)  കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി കുറ്റക്കാരനെന്ന്‌ തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് വിധിച്ചു. എൻഡിഎഫ്‌ പ്രവർത്തകരായിരുന്ന പ്രതികളിൽ 13 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ചാവശേരി നരയംപാറ ഷെരീഫ മൻസിലിൽ എം വി മർഷൂഖി(42)നുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2005 മാർച്ച് പത്തിനാണ്‌ ബസിൽ യാത്രചെയ്യുകയായിരുന്ന അശ്വിനികുമാറിനെ  ഇരിട്ടി പയഞ്ചേരിമുക്കിൽ കുത്തിക്കൊലപ്പെടുത്തിയത്.- ജീപ്പിലെത്തിയ പ്രതികൾ ബസ് തടഞ്ഞാണ്‌ കൊല നടത്തിയത്‌. പുന്നാട്ടെ എൻഡിഎഫ്‌ പ്രവർത്തകൻ മുഹമ്മദ്‌ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് അശ്വിനികുമാറിനെ വധിച്ചത്‌.

കേസിൽ വെറുതേവിട്ടവരിൽ യാക്കൂബ്‌, കരാട്ടെ ബഷീർ എന്നിവർ സിപിഐ എം പ്രവർത്തകൻ ദിലീപൻ വധക്കേസിൽ ജീവപര്യന്തം തടവ്‌ അനുഭവിക്കുകയാണ്‌. ഒന്നാം പ്രതി അസീസിനെ നാറാത്ത്‌ ആയുധപരിശീലനക്കേസിൽ എൻഐഎ കോടതിയും എട്ടാം പ്രതി ഷമീറിനെ ലഹരിക്കേസിൽ വടകര കോടതിയും ശിക്ഷിച്ചിരുന്നു. യുഡിഎഫ്‌ ഭരണകാലത്ത്‌ നടന്ന കൊലപാതകത്തിലെ അന്വേഷണം തൃപ്തികരമല്ലെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. പി പ്രേമരാജൻ പറഞ്ഞു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി പി ജോസും ഹാജരായി. പാരലൽ കോളേജ്‌ അധ്യാപകനായിരുന്ന അശ്വിനികുമാറിന്റെ കൊലപാതകത്തെത്തുടർന്ന് ഇരിട്ടി പുന്നാട്‌ മേഖലയിൽ വ്യാപക അക്രമവും കൊള്ളയും നടന്നിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home