തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താൻ ശ്രമം ; പ്രത്യേക അന്വേഷകസംഘം 
മൊഴിയെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:12 AM | 0 min read


തൃശൂർ
തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമവുമായി ബന്ധപ്പെട്ട കേസിൽ  പ്രത്യേക അന്വേഷകസംഘം മൊഴിയെടുക്കൽ തുടങ്ങി. മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാ​ഗമായി മെഡിക്കല്‍ ഉ​ദ്യോ​ഗസ്ഥരുടെയും പൂരത്തിന് സ്വരാജ് റൗണ്ടിൽ ജോലിയിലുണ്ടായിരുന്ന പൊലീസിന്റെയും മെഡിക്കൽ സംഘത്തിന്റെയും അ​ഗ്നിശമന സേനയുടെയും മൊഴിയെടുത്തു. എസ്‌പി, ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുത്തെന്നാണ് സൂചന. മറ്റ് വകുപ്പിലുള്ളവരുടെയും മൊഴിയെടുക്കും. സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍ ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാ​ഗമായാണ് മൊഴിയെടുത്തത്. പൊലീസ് ഉദ്യോ​ഗസ്ഥരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല.

നെടുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് ആരോ​ഗ്യവകുപ്പിലെ ഉദ്യോ​ഗസ്ഥരുടെയും പൂരത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിന്റെയും തൃശൂരില്‍ നിന്ന് സ്ഥലം മാറിപ്പോയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്റെയും  മൊഴിയെടുത്തത്. മുൻ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകിനെതിരെ മെഡിക്കൽ സംഘം മൊഴി നൽകിയെന്നാണ് സൂചന. അ​ഗ്നിശമനസേനയില്‍നിന്ന് പൂരവുമായി ബന്ധപ്പെട്ട് നടത്തിയ കത്തുകളും രേഖകളും ശേഖരിച്ചു. പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞമാസം 26-ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരജ്ഞന്റെ റിപ്പോര്‍ട്ടിലാണ് ആരെയും പ്രതിചേര്‍ക്കാതെ കേസെടുത്തത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ഈ അന്വേഷണം. എഡിജിപി എം ആര്‍ അജിത് കുമാറിനുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് ഡിജിപി ദര്‍ബേസ് സാഹിബ് നടത്തുന്ന അന്വേഷണമാണ് ത്രിതല അന്വേഷണത്തില്‍ പെടുന്ന മറ്റൊന്ന്.   

തിരുവമ്പാടി ദേവസ്വം 
ഭാരവാഹികള്‍ 
നാളെ മൊഴി നല്‍കും
തിങ്കളാഴ്ച മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ക്ക്  തൃശൂര്‍ റൂറല്‍ അഡീഷണല്‍ എസ്‌പി  വി എ ഉല്ലാസ് നോട്ടീസ് നല്‍കി. ശനി പകല്‍ 10.30-ന് ഹാജാരാവാനാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ലഭ്യമായ രേഖകളടക്കം ഇരിങ്ങാലക്കുടയിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍  ഹാജരാക്കാനാണ് നിര്‍ദ്ദേശം. പൂരവുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിതലയോ​ഗങ്ങളുടെ മിനുറ്റ്‌സ്‌ ഉള്‍പ്പടെ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ഹാജരാക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home