ശബരിമല ഒരുങ്ങി ; ഇടത്താവളങ്ങളിൽ വിപുലമായ സൗകര്യം , എല്ലാവർക്കും ദർശനം ഉറപ്പാക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 11:45 PM | 0 min read


കോട്ടയം
ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടകർക്ക്‌  സർവസൗകര്യങ്ങളും  ഒരുക്കി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അവസാനഘട്ട ക്രമീകരണങ്ങൾ വിലയിരുത്തിയതായി  മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദിവസവും വെർച്വൽ, സ്പോട്ട്‌ ബുക്കിങ്ങിലൂടെ 80,000 തീർഥാടകർക്ക്‌ ദർശനസൗകര്യമൊരുക്കിയിട്ടുണ്ട്‌. എല്ലാവർക്കും ദർശനം ഉറപ്പാക്കാൻ  സമയം 18 മണിക്കൂറാക്കി. നിലവിൽ 16 മണിക്കൂറാണ്‌.ഇടത്താവളങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഉറപ്പാക്കി. നിലയ്‌ക്കലിൽ 10,000 വാഹനം പാർക്കുചെയ്യാൻ സൗകര്യമൊരുക്കി.  റോഡുകളുടെ അറ്റകുറ്റപ്പണി പത്തിനകം പൂർത്തിയാക്കും. മുൻപരിചയമുള്ളവരടക്കം 13,600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. 1,000 വിശുദ്ധിസേനാംഗങ്ങളുടെ സേവനം ഉറപ്പാക്കും. നിലയ്‌ക്കലിൽ 1,045 ശുചിമുറിയും പമ്പയിൽ 580 ശുചിമുറിയും ഒരുക്കും. ഇതിൽ നൂറെണ്ണം സ്ത്രീകൾക്കാണ്‌. സന്നിധാനത്ത് 1005 ശുചിമുറികളൊരുക്കും. മരക്കൂട്ടംമുതൽ സന്നിധാനം വരെ 1000 സ്റ്റീൽ കസേരയും പരമ്പരാഗതപാതയിലും സ്വാമി അയ്യപ്പൻ റോഡിലും ബയോശുചിമുറികളും ബയോ യൂറിനലുകളും സ്ഥാപിച്ചു. കാനനപാതയിലും എല്ലാ സൗകര്യവും ഒരുക്കി.

തീർഥാടകർക്ക്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്‌ പരിരക്ഷ ഏർപ്പെടുത്തി. തീർഥാടകർ മരിച്ചാൽ മൃതദേഹം ദേവസ്വം ബോർഡിന്റെ ചെലവിൽ നാട്ടിലെത്തിക്കും. പമ്പ, അപ്പാച്ചിമേട്, സന്നിധാനം, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേകവാർഡ്‌ തുറക്കും. വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ‘ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്സ്‌' എന്ന പേരിൽ സേവന സന്നദ്ധരായു  ണ്ടാകും.

സന്നിധാനത്ത്‌ 20 ലക്ഷംപേർക്കാണ്‌ അന്നദാനം. കുടിവെള്ള വിതരണം, മാലിന്യസംസ്കരണം, കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ എന്നിവ ഉറപ്പാക്കും. നോഡൽ ഓഫീസറായി അരുൺ എസ്‌ നായരെ നിയോഗിച്ചു. പമ്പ– സന്നിധാനം റോപ്‌വേയുടെ നിർമാണം ഈ മണ്ഡലകാലത്ത്‌ ആരംഭിക്കും. അവലോകനയോഗത്തിൽ മന്ത്രിമാരായ  കെ രാജൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, കെ ബി ഗണേഷ്‌കുമാർ, വീണാ ജോർജ്‌, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home