മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി ജി ആർ അനിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 06:53 PM | 0 min read

തിരുവനന്തപുരം > മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ. മേരാ കെവൈസി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നവംബർ മുപ്പതിനുള്ളിൽ കേരളത്തിലുള്ള മുഴുവൻ എഎവൈ, പി എച്ച് എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മസ്റ്ററിങിന് യുഐഡിഎഐ അംഗീകാരമുള്ള മേരാ കെവൈസി മൊബൈൽ ആപ്പ്  പരിചയപ്പെടുത്തി സംസാരിക്കുകയിരുന്നു മന്ത്രി.

ഹൈദരാബാദ് എൻഐസിയുടെ സഹായത്തോടെ വികസിപ്പിച്ച ആപ്പിന്റെ സാങ്കേതിക പരിശോധന നടത്തി വരുകയാണ്. നവംബർ പതിനൊന്നാം തീയതിയോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകും. പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇ-കെവൈസി അപ്‌ഡേഷൻ നടത്താനാകും. നിലവിൽ കേരളത്തിലെ റേഷൻ കാർഡ് മസ്റ്ററിങ് 84% പൂർത്തിയാക്കി.

സംസ്ഥാനത്ത് 19,84,134 എ എ വൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 %) പി എച്ച് എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും ( 84.18 %)  മസ്റ്ററിംഗ് പൂർത്തീകരിച്ചു. ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തീകരിച്ച രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. റേഷൻ വ്യാപാരികളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നും മികച്ച രീതിയിലുള്ള സഹകരണവും പിൻതുണയുമാണ് മസ്റ്ററിംഗിന് ലഭിക്കുന്നുണ്ട്.

നവംബർ 5 ന് അവസാനിക്കുന്ന നിലവിലെ മസ്റ്ററിംഗ് നടപടികൾ 6-ാം തീയതി മുതൽ ഐറിസ് സ്‌കാനർ ഉപയോഗിച്ചു വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ അപ്‌ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്ഡേഷൻ താലൂക്കുകളിൽ നടത്തിവരുന്നതായും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home