ബിജെപിക്ക്‌ ഹവാലക്കുരുക്ക്‌ ; കള്ളപ്പണക്കേസിൽ പ്രതിരോധിക്കാനാതെ പുതിയ വെളിപ്പെടുത്തൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 12:10 AM | 0 min read


തിരുവനന്തപുരം
കേന്ദ്ര ഏജൻസികളുടെ കൈയയഞ്ഞ സഹായത്തോടെ കള്ളപ്പണക്കേസിൽ രക്ഷപ്പെട്ടുനിന്ന ബിജെപിക്ക്‌ പ്രതിരോധിക്കാനാതെ പുതിയ വെളിപ്പെടുത്തൽ. ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീശ്‌ കള്ളപ്പണ വിതരണം വെട്ടിത്തുറന്നു പറഞ്ഞതോടെ ബിജെപിയുടെ പൊയ്‌മുഖമാണ്‌ അഴിഞ്ഞുവീണത്‌. കള്ളപ്പണം പിടികൂടി പാവങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പറഞ്ഞ്‌ 2014ൽ അധികാരത്തിൽ വന്നവരാണ്‌ രാജ്യം പിടിക്കാൻ കള്ളപ്പണം ഒഴുക്കിയത്‌. അഴിമതിയുടെ പേരുപറഞ്ഞ്‌ പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിലുള്ള സർക്കാരുകൾക്കെതിരെ കേസെടുക്കുന്ന കേന്ദ്ര ഏജൻസികളാണ്‌ കള്ളപ്പണക്കേസ്‌ കണ്ടതായി ഭാവിക്കാത്തത്‌. 

ആറുചാക്കിൽ പണം എത്തിച്ചു, തൃശൂർ ഓഫീസിലേക്കുള്ള പണം ഇറക്കി ബാക്കി മറ്റുസ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോയി, വണ്ടി കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടു, കെ സുരേന്ദ്രൻ ഇടപെട്ടാണ്‌ പണം കൊണ്ടുവന്നത്‌ തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുണ്ടായിരിക്കുന്നത്‌. ഇതെല്ലാം ശരിവയ്ക്കുന്നതും അതേസമയം സംസ്ഥാനത്തിനുപുറത്ത്‌ അന്വേഷണം നടത്തേണ്ടതുമായ വസ്തുതകളാണ്‌ കേരള പൊലീസ്‌ അന്വേഷണത്തിൽ കണ്ടെത്തിയത്‌.

കള്ളപ്പണ ഇടപാടായതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊലീസ്‌ ഇഡിക്ക്‌ നൽകിയ കത്തിലും തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ റിപ്പോർട്ടിലും ബിജെപി നേതാക്കളുടെ ബന്ധവും മറ്റു സംസ്ഥാനങ്ങളിൽനിന്നുപണം കൊണ്ടുവന്നതിനുള്ള തെളിവുകളും നൽകിയിട്ടുണ്ട്‌. പണം കൊണ്ടുവന്നത്‌ ബംഗളൂരുവിൽനിന്നാണ്‌, ബിജെപി എംഎൽഎ അടക്കം ബന്ധപ്പെട്ടവരുടെ പേരുകൾ, വന്ന റൂട്ട്‌, കേരളത്തിൽ എവിടെയെല്ലാം പണമെത്തിച്ചു തുടങ്ങി എല്ലാ കാര്യങ്ങളും പൊലീസ്‌ കൈമാറിയിരുന്നു. സി കെ ജാനുവിനും മഞ്ചേശ്വരത്തെ സുന്ദരക്കും പണം കൊടുത്തത്‌ സുരേന്ദ്രന്റെ അറിവോടെയാണെന്ന്‌  നേരത്തേ പുറത്തുവന്നിരുന്നു.

പുതിയ സാഹചര്യത്തിൽ ബിജെപിക്കകത്ത്‌ സുരേന്ദ്രനും വി മുരളീധരനും എതിരായ നീക്കം ശക്തമാണ്‌. കൊടകര കവർച്ച കേസ്‌ വന്ന സമയത്ത്‌ ശോഭ സുരേന്ദ്രനും പി കെ കൃഷ്ണദാസും കേന്ദ്ര നേതൃത്വത്തിന്‌ പരാതി നൽകിയിരുന്നു.


 



deshabhimani section

Related News

View More
0 comments
Sort by

Home