Deshabhimani

കോടിക്കണക്കിന് രൂപയ്ക്ക് കാവൽനിന്നയാളാണ് ഞാൻ, ധർമരാജ് വരുമ്പോൾ കെ സുരേന്ദ്രൻ ഓഫീസിലുണ്ട്: തിരൂർ സതീശ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 11:45 AM | 0 min read

തൃശൂർ> തൃശൂരിലെ ബിജെപി ഓഫീസിൽ കുഴൽപ്പണം എത്തിച്ചെന്ന ആരോപണത്തിൽ ഉറച്ച് മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശ്. കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയും. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകൾ കയ്യിലുണ്ട്. പണമെത്തിച്ച ധർമരാജ് വരുമ്പോൾ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഓഫിസിലുണ്ടായിരുന്നെന്നും തിരൂർ സതീശ് മാധ്യമങ്ങളോട് പറഞ്ഞു.

കോടിക്കണക്കിന് രൂപ അവിടെ വന്നതിന് കാവൽ നിന്നയാളാണ് ഞാൻ. പണം എത്തിക്കുന്ന സമയത്ത് അവിടെ ഞാനും ജില്ലാ ട്രഷററും ഉണ്ടായിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാതെ തന്നെ വ്യക്തിഹത്യ ചെയ്യുന്നത് ഒളിച്ചോട്ടമാണ്. സാമ്പത്തിക ക്രമേക്കേടിൽ നടപടി എടുത്തെന്ന വാദം തെറ്റാണ്. തന്നെ പാർട്ടിയിൽ നിന്ന് ഇതുവരെ ആരും പുറത്താക്കിയിട്ടില്ലെന്നും തന്നെ ആർക്കും വിലക്കെടുക്കാനാകില്ലെന്നും സതീശ് പറഞ്ഞു.

തൃശൂരിലെ ബിജെപി ഓഫീസിൽ ആറ്‌ ചാക്കുകളിലായാണ്‌ കള്ളപ്പണം എത്തിച്ചെന്ന് ഇന്നലെ സതീശ് വെളിപ്പെടുത്തിയിരുന്നു. തൃശൂർ ജില്ലയിലേക്കുള്ള പണം ഓഫീസിൽ ഇറക്കി, ബാക്കി പണവുമായി ആലപ്പുഴയ്‌ക്കു പോകുമ്പോഴാണ്‌ കൊടകരയിൽ മൂന്നരക്കോടി രൂപ  കൊള്ളയടിച്ചതെന്നും സതീശ്‌ പറഞ്ഞു.

രാത്രി തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ വരുമെന്നും ഓഫീസ്‌ അടയ്‌ക്കരുതെന്നും  സംഭവ ദിവസം ബിജെപി ജില്ലാ നേതാക്കൾ അറിയിച്ചു. സാമഗ്രികളുമായെത്തിയ ധർമരാജ്‌ ഉൾപ്പെടെയുള്ളവർക്ക്‌  ജില്ലാ ട്രഷറർ സുജയസേനന്റെ നിർദേശപ്രകാരം ലോഡ്‌ജിൽ മുറിയെടുത്തുനൽകി. ഓഫീസിൽ ഇറക്കിയ  സാമഗ്രികൾ തുറന്നുനോക്കിയപ്പോൾ പണമാണെന്ന്‌ മനസ്സിലായി. പിറ്റേദിവസം കൊടകരയിലെ കവർച്ചാവിവരം പുറത്തുവന്നതോടെയാണ്‌  കുഴൽപ്പണമാണെന്ന്‌ മനസ്സിലായത്‌.  

നേരത്തെ ഒരുതവണ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌  കെ കെ അനീഷ്‌ കുമാർ എന്നിവർക്കൊപ്പം ധർമരാജൻ തൃശൂരിലെ ഓഫീസിലെത്തിയിരുന്നു. പൊലീസിനുമുന്നിൽ നേതാക്കളുടെ നിർദേശപ്രകാരമാണ്‌ മൊഴി നൽകിയത്‌. വിചാരണ സമയത്ത്‌ കോടതിയിൽ  എല്ലാം തുറന്നുപറയുമെന്നും സതീശ്‌  പറഞ്ഞു. കൊടകര കുഴൽപ്പണ കവർച്ചാകേസ്‌ അന്വേഷണം നടക്കുന്നതിനിടെ സതീശിനെ ഓഫീസ്‌ സെക്രട്ടറിസ്ഥാനത്തുനിന്ന്‌ നീക്കിയിരുന്നു.



deshabhimani section

Related News

0 comments
Sort by

Home