എസ്‌ഡിപിഐ കൂട്ടുകെട്ട്‌: കോണ്‍ഗ്രസിനെതിരെ ജനരോഷം ശക്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 10:49 PM | 0 min read

നെടുമങ്ങാട് > മതതീവ്രവാദ സംഘടനയെ കൂട്ടുപിടിച്ച് വെമ്പായം പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം വീണ്ടും കൈക്കലാക്കിയ കോണ്‍ഗ്രസിനെതിരെ ജനരോഷം ശക്തം. അധികാരത്തിനുവേണ്ടി ഏത്‌ വഴിവിട്ട നീക്കത്തിനും തുനിയുന്ന കോണ്‍ഗ്രസിന്റെ തനിനിറം ഇതോടെ കൂടുതൽ വെളിപ്പെട്ടു.

ബുധനാഴ്ച പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് അവിശ്വാസത്തിലൂടെ പുറത്തായ കോണ്‍ഗ്രസ്, എസ്ഡിപിഐയുടെ പിന്തുണ തേടിയത്‌. വോട്ടിങ്ങില്‍ എല്‍ഡിഎഫിനൊപ്പമെത്തിയശേഷം നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് വീണ്ടും പ്രസിഡന്റ്‌ സ്ഥാനത്തെത്തിയത്. എട്ട്‌ സീറ്റുമാത്രം നേടിയ കോണ്‍ഗ്രസ് ഭരണം പിടിക്കാന്‍ മൂന്നംഗങ്ങളുള്ള ബിജെപിയെയും ഒരംഗമുള്ള എസ്ഡിപിഐയെയും കൂട്ടുപിടിച്ചു.

ഏറെക്കാലം ആ അവിശുദ്ധ സഖ്യത്തിലാണ് കോണ്‍ഗ്രസ് ഭരണം നടത്തിയത്. നടപ്പിലാക്കിയ പദ്ധതികളേറെയും വിജിലന്‍സ് അന്വേഷണങ്ങളുടെ പട്ടികയിലായി. ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒരുപോലെ പഞ്ചായത്തിലെ ഭരണത്തുടര്‍ച്ച വെറുക്കുന്ന അവസ്ഥയിലെത്തി. തുടര്‍ന്നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.

അവിശ്വാസം വിജയിക്കുകയും അഴിമതി ഭരണത്തിന് അറുതിയാകുകയും ചെയ്തു. ബുധനാഴ്ച നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ്‌ വഴിവിട്ട മാര്‍ഗങ്ങൾ കോണ്‍ഗ്രസ് സ്വീകരിച്ചത്‌. പിന്തുണ തുടരണമെന്നഭ്യര്‍ഥിച്ച് ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കിയത് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്. എസ്ഡിപിഐയുമായി രഹസ്യ ചര്‍ച്ചകൾ നടന്നത് പ്രദേശത്തെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ്.

അധികാരത്തിനുവേണ്ടി ഏതു വഴിവിട്ട മാര്‍ഗവും സ്വീകരിക്കുമെന്ന സന്ദേശമാണ് ഇത്‌ വ്യക്തമാക്കുന്നത്. പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചശേഷം കോണ്‍ഗ്രസ് ആ ഉളുപ്പില്ലായ്മ പരസ്യമായിതന്നെ പ്രകടമാക്കുകയും ചെയ്തു. തുടർന്നുള്ള ആഹ്ലാദ പ്രകടനങ്ങളും യോഗങ്ങളും എസ്ഡിപിഐ അംഗങ്ങളുടെ കൂടെ പങ്കാളിത്തത്തോടെയാണ് നടത്തിയത്‌. കോണ്‍ഗ്രസിന്റെ ഈ മൂല്യവിരുദ്ധ സമീപനത്തില്‍ ജനരോഷം ശക്തമാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തിയുള്ള ജനകീയ ക്യാമ്പയിനുകള്‍ക്ക്‌ തയ്യാറെടുക്കുകയാണ് എല്‍ഡിഎഫ്.



deshabhimani section

Related News

0 comments
Sort by

Home