വീണ്ടും വരാം സൂചിപ്പാറയുടെ കുളിർമയിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 12:24 PM | 0 min read

വയനാട്> സൂചിപ്പാറയുടെ മുകളിൽനിന്ന്‌ പാലരുവിയായി കുതിച്ചിറങ്ങുന്ന  ജലധാരയുടെ  സൗന്ദര്യം വീണ്ടും ആസ്വദിക്കാം. പതഞ്ഞുപൊന്തുന്ന വെള്ളത്തിൽ മുങ്ങാംകുഴിയിടാം. എട്ട്‌ മാസത്തോളമായി അടഞ്ഞുകിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ വെള്ളിയാഴ്‌ച മുതൽ സന്ദർശകർക്ക്‌ പ്രവേശനം അനുവദിക്കും.  തുറക്കുന്നതിനുമുന്നോടിയായി ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.



കഴിഞ്ഞ ഫെബ്രുവരി 17ന്‌ ആണ്‌ ജില്ലയിലെ മറ്റ്‌ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കൊപ്പം സൂചിപ്പാറയും അടച്ചത്‌. കുറുവ ദ്വീപിലെ വനസംരക്ഷണ ജീവനക്കാരൻ പാക്കം സ്വദേശി പോൾ ജോലിക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക്‌ താഴുവീണത്‌.

ഹൈക്കോടതി അനുമതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 15 മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുതുടങ്ങി. കുറുവയാണ്‌ ആദ്യം തുറന്നത്‌. പിന്നീട്‌ മീൻമുട്ടിയും ചെമ്പ്രയും തുറന്നു. വന്യജീവി സങ്കേതമായ മുത്തങ്ങയിലും തോൽപ്പെട്ടിയിലും കാനന സഫാരി പുനരാരംഭിച്ചു. സൂചിപ്പാറകൂടി തുറക്കുന്നതോടെ വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ഉണർവാകും.



മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ സൂചിപ്പാറയിലൂടെ ഉരുളൊഴുകിയെങ്കിലും വെള്ളച്ചാട്ടത്തിന്‌ കേടുപാടുകൾ സംഭവിച്ചില്ല. മനോഹാരിതയ്‌ക്ക്‌ പോറൽപോലും ഏറ്റില്ല. തകരാർ സംഭവിച്ച കൈവരിയും പടികളും അറ്റകുറ്റപ്പണിയെടുത്ത്‌ സുരക്ഷിതമാക്കി. നടപ്പാതയിൽ ഇളകിയ കല്ലുകൾ ഉറപ്പിച്ചു.

ദിവസം 500 പേർക്കാണ്‌ പ്രവേശനം. മുതിർന്നവർക്ക്‌ 150 ഉം കുട്ടികൾക്ക്‌ 50 രൂപയുമാണ്‌ നിരക്ക്‌. വിദേശ പൗരന്മാർക്ക്‌ 300 രൂപയാണ്‌. രാവിലെ എട്ടുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ സഞ്ചാരികൾക്ക്‌ പ്രവേശനം. സൂചിപ്പാറ വനസംരക്ഷണ സമിതിയുടെ കീഴിലാണ്‌ ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. 44 തൊഴിലാളികളാണുള്ളത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home