വെമ്പായത്ത്‌ എസ്‌ഡിപിഐ പിന്തുണയിൽ കോൺഗ്രസ്‌ പ്രസിഡന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 12:21 AM | 0 min read

നെടുമങ്ങാട്> മതതീവ്രവാദ സംഘടനയായ എസ്‌ഡിപിഐയുമായുള്ള അവിശുദ്ധസഖ്യത്തിലൂടെ വെമ്പായം പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം വീണ്ടും കോൺഗ്രസിന്‌.  ബുധനാഴ്‌ചത്തെ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പിന്തുണയോടെ തുല്യവോട്ടിൽ എത്തിക്കുകയും നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ ബീന ജയൻ പ്രസിഡന്റാവുകയുമായിരുന്നു. പ്രസിഡന്റായിരുന്ന ഇവർ അഴിമതി ആരോപണത്തെ തുടർന്ന് അവിശ്വാസത്തിലൂടെ പുറത്തായതാണ്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പിന്തുണയോടെ സ്വന്തം ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവിയാണ്‌ വർഗീയ സഖ്യത്തിലൂടെ ഭരണം നിലനിർത്താൻ മുൻകൈയെടുത്തത്‌.

എസ്‌ഡിപിഐ നേതാക്കളോടൊപ്പം കോൺഗ്രസ്‌ വിജയാഹ്ലാദ പ്രകടനവും നടത്തി. 21 അംഗങ്ങളിൽ കോൺഗ്രസിന്‌ എട്ടും എൽഡിഎഫിന്‌ ഒമ്പതും ബിജെപിക്ക്‌ മൂന്നും എസ്‌ഡിപിഐയ്‌ക്ക്‌ ഒരംഗവുമാണുള്ളത്‌. വോട്ടെടുപ്പിൽനിന്ന്‌ ബിജെപി അംഗങ്ങൾ വിട്ടുനിന്നു. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയുടെ വോട്ട്‌ വാങ്ങി കോൺഗ്രസിന്‌ ഒമ്പതുപേരുടെ പിന്തുണയായി. ഇതോടെയാണ്‌ നറുക്കെടുപ്പ്‌ വേണ്ടിവന്നത്‌. എൽഡിഎഫിലെ ബിന്ദു ബാബുരാജ്‌ നറുക്കെടുപ്പിലൂടെ വൈസ്‌ പ്രസിഡന്റായി.  ഭൂരിപക്ഷമുള്ള എൽഡിഎഫിനെ പിന്തള്ളി ബിജെപിയെയും എസ്ഡിപിയെയും കൂട്ടുപിടിച്ചായിരുന്നു നേരത്തേ ഇവിടെ കോൺഗ്രസ്‌ ഭരണം. ഭരണം അഴിമതിയിൽ മുങ്ങിയതോടെ വിജിലൻസ്‌ അന്വേഷണം വന്നു. ഇതോടെയാണ്‌ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌.

വെമ്പായം പഞ്ചായത്തിൽ എസ്ഡിപിഐ കൂട്ടുകെട്ട്  കോൺഗ്രസ് നേതൃത്വം മറുപടി പറയണം: സിപിഐ എം

വെമ്പായം പഞ്ചായത്തിൽ എസ്ഡിപിഐ കൂട്ടുകെട്ടിൽ ഭരണത്തിൽ കയറിയതിലൂടെ കോൺഗ്രസും വർഗീയശക്തികളുമായുള്ള ബന്ധം പരസ്യമായെന്ന്‌ സിപിഐ എം. ഇതിനെക്കുറിച്ച്‌ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന്‌ ജില്ലാ സെക്രട്ടറി വി ജോയി ആവശ്യപ്പെട്ടു.
 2020ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ച കോൺഗ്രസ്‌ നറുക്കെടുപ്പിലൂടെ ഭരണത്തിലേറി. യുഡിഎഫ്‌ ഭരണത്തിൽ വ്യാപക അഴിമതിയാണ്‌ പഞ്ചായത്തിൽനടന്നത്‌. ഫയലുകൾ നശിപ്പിച്ച് അഴിമതിയുടെ രേഖകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഉയർന്നു. രണ്ടുതവണ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി അംഗങ്ങളുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ യുഡിഎഫ്‌ മറികടന്നു. വർഗീയതയ്ക്കെതിരെ വാതോരാതെ സംസാരിക്കുകയും അവരുമായി കൂട്ടുകൂടുകയും ചെയ്യുന്ന യുഡിഎഫിന്റെ നിലപാടിനെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്നും വി ജോയി ആവശ്യപ്പെട്ടു.
 

കൂട്ടുകെട്ടിൽ പ്രതിഷേധം ശക്തം

വർഗീയ ശക്തികളുടെ കൂട്ടുപിടിച്ച്‌ വെമ്പായം പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം നേടിയെടുത്ത കോൺഗ്രസ്‌ നടപടിക്കെതിരേ പ്രതിഷേധം. തെരഞ്ഞെടുപ്പു വിജയത്തിനായി കോണ്‍ഗ്രസ് നടത്തിയ വഴിവിട്ട നീക്കങ്ങളില്‍ പ്രതിഷേധിച്ചും വൈസ് പ്രസിഡന്റ്‌ സ്ഥാനം നേടിയെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ചും എല്‍ഡിഎഫ് വെമ്പായത്ത് പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ വി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. എം സതീശന്‍ അധ്യക്ഷനായി. ഐരൂപ്പാറ രാമചന്ദ്രന്‍, ജി പുഷ്‌പരാജന്‍, എ ഷീലജ, എസ് കെ ബിജുകുമാര്‍, പ്രഭകുമാരി, രാജേഷ് കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച്‌ വീണ്ടും പ്രസിഡന്റ്‌ സ്ഥാനത്തേക്കെത്തിയ കോണ്‍ഗ്രസ് അഴിമതിയാണ്‌ ലക്ഷ്യംവയ്‌ക്കുന്നതെന്നും അതിനെ  എന്തുവിലകൊടുത്തും ചെറുക്കുമെന്നും എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ആര്‍ ജയദേവന്‍ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home