മുണ്ടക്കൈ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; രണ്ടാഴ്ചയ്ക്കകം തീരുമാനിക്കാമെന്ന് കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 01:20 PM | 0 min read

കൊച്ചി> വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനമറിയിക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം അറിയിക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.

സംസ്ഥാന സർക്കാർ മൂന്നുതവണ അപേക്ഷ നൽകിയിട്ടും വയനാട് ഉരുൾപൊട്ടൽ ബാധിതപ്രദേശത്തെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ ഇതുവരെ പ്രത്യേക സഹായം നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹെെക്കോടതിയെ അറിയിച്ചിരുന്നു. തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഈ ആവശ്യം അംഗീകരിച്ചിരുന്നുവെങ്കിൽ പുനർനിർമാണത്തിനായി ആഗോളസഹായം ലഭിക്കുമായിരുന്നു.

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ദുരന്തബാധിതരുടെ ഭവന, വാഹന വായ്പകളടക്കം എഴുതിത്തള്ളണമെന്ന ആവശ്യത്തിലും കൃത്യമായ തീരുമാനം കേന്ദ്രം അറിയിച്ചിട്ടില്ല.

 



deshabhimani section

Related News

0 comments
Sort by

Home