പൂരം വെടിക്കെട്ട്‌ ; തൃശൂരിലുണ്ട്‌ തീ രക്ഷാവലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 11:12 PM | 0 min read

തൃശൂർ > തേക്കിൻകാട്‌ മൈതാനിക്ക്‌ ചുറ്റുമുണ്ട്‌, തീ രക്ഷാവലയമായി ഫയർ ഹൈഡ്രന്റ്‌. തീപിടിത്തമുണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ ചുറ്റും വെള്ളം ഒഴിക്കാനാകുന്ന തീ രക്ഷാജലവലയം രാജ്യത്തിനുതന്നെ മാതൃകയാണ്‌. തൃശൂർ പൂരം വെടിക്കെട്ടിന്‌ തടസ്സം വരാതിരിക്കാൻ  കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഒരുക്കിയതാണ്‌ ഈ  സ്ഥിരംസംവിധാനം.

പുറ്റിങ്ങൽ വെടിക്കെട്ട്‌ ദുരന്തത്തെത്തുടർന്നാണ്‌,  തൃശൂർ പൂരത്തിന്‌ ഫയർ ഹൈഡ്രന്റ്‌ വേണമെന്ന്‌ കേന്ദ്ര എക്സ്പ്ലോസീവ്സ്‌ വിഭാഗം കർശനമായി നിർദേശിച്ചത്‌. വെടിക്കെട്ട്‌ മുടങ്ങുമെന്ന സ്ഥിതിയായി. അന്നത്തെ മന്ത്രി വി എസ് സുനിൽകുമാറിന്റെ വികസനഫണ്ടിൽനിന്ന് 1.10 കോടിരൂപ അനുവദിച്ചാണ്‌ ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചത്.

വെടിക്കെട്ട്‌ നടക്കുന്ന തേക്കിൻകാടിനുചുറ്റും രണ്ട്‌ കിലോമീറ്ററിലാണ്‌ ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചത്‌. ചുറ്റുമുള്ള പൈപ്പിൽനിന്ന് ശക്തിയിൽ വെള്ളം ചീറ്റിച്ച്‌ തീപിടിത്തം തടയാം. 45 വാൽവുകളിൽനിന്ന്‌ ഒരേസമയം   80 മീറ്റർ ഉയരത്തിലും 400 മീറ്റർ ചുറ്റളവിലും വെള്ളം ചീറ്റിക്കാം. രാജ്യത്ത് മറ്റ് വെടിക്കെട്ടുകൾക്കെല്ലാം മാതൃകയാകുന്ന സംവിധാനമാണിത്‌. പൂരത്തോടനുബന്ധിച്ച്  ജല അതോറിറ്റിയുടെ ടാങ്കിൽനിന്ന്‌ 40,000 ലിറ്റർ വെള്ളമാണ് ഹൈഡ്രന്റിൽ നിറയ്‌ക്കുന്നത്‌. ഇത്‌ കഴിയുമ്പോൾ ജലം നിറയ്‌ക്കാൻ എട്ടുലക്ഷം ലിറ്റർ ജലവിതരണ ടാങ്ക് പ്രത്യേകമായി മാറ്റിവയ്‌ക്കാറുണ്ട്‌.

പൂര ദിവസം  വാൽവുകളിൽ ഫയർ ഫൈറ്റുകൾ ഘടിപ്പിക്കും. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ ചുറ്റും സജ്ജരായിരിക്കും. പൂരത്തിനുമാത്രമല്ല, തൃശൂർ നഗരത്തിൽ മറ്റ്‌ തീപിടിത്തങ്ങൾ തടയാനും പദ്ധതി ഗുണകരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home